ഇംഫാല്‍: മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. ചുരാന്ദ്പൂരില്‍ വെച്ചാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. റോഡില്‍ വെച്ചിരുന്ന ബാരിക്കേഡ് മാറ്റിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ചുരാചന്ദ്പൂരില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പൊലീസിന്റെ ഇടപെടല്‍. മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്.
11.10 ഓടു കൂടിയായിരുന്നു രാഹുല്‍ ഇംഫാലില്‍ എത്തിയത്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തടയുന്നതെന്നാണ് ബിഷണുപൂര്‍ എസ്.പി അറിയിച്ചിരിക്കുന്നത്. നേതാക്കള്‍ക്ക് അപകടമുണ്ടാകുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിയുടെ കൂടെയുണ്ട്. മണിപ്പൂരിലെ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും അക്രമത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് പിന്തുണ അറിയിക്കാനുമാണ് രാഹുല്‍ മണിപ്പൂരില്‍ എത്തിയത്.
ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയിട്ടിരുന്നു. മണിപ്പൂരില്‍ 300ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 ആളുകളാണ് കഴിയുന്നത്. കലാപം ഉണ്ടായതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തുന്നത്.
മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മെയ്തി സമുദായക്കാര്‍ ഗോത്ര പദവി ആവശ്യപ്പെട്ടതിന് പിന്നാലെ മെയ് മൂന്നിന് കുകി വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധത്തോടെയാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
Content Highlight: police stopped rahul gandhi on his arrival in manipur