തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് പൊലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കല്‍ പ്രായോഗികമല്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016ല്‍ നടന്ന സംഭവമായതിനാല്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും എസ്.പി. ജി. പൂങ്കുഴലി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പൊലീസ് കേസ് അന്വേഷിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
2016ല്‍ നടന്നുവെന്ന് പറയുന്ന സംഭവമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രായോഗികമല്ല. വാദിയുടെയും പ്രതിയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നോക്കി. പീഡനം നടന്നു എന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരുവരും ഒരു സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പരാതിക്കാരിയുടെ വീട്ടില്‍ പ്രതികള്‍ ചില ലഘുലേഖകള്‍ കൊണ്ടിട്ടിരുന്നുവെന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു. എന്നാല്‍ അതിനും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടു വന്ന സമയം പ്രതി അവിടെ എത്തുകയും അവിടെ വെച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സമയം പ്രതി ആശുപത്രിയ്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
സുഹൃത്തിന്റെ ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ സംഭവത്തില്‍ മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
മൂരിയാട് എംപറര്‍ ഓഫ് ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ മുന്‍ ട്രസ്റ്റി സാബു നല്‍കിയ പരാതയിലാണ് മയൂഖയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെ വീട്ടി താന്‍ ഭീഷണി നോട്ടീസ് കൊണ്ടു പോയിട്ടു എന്നത് അപകീര്‍ത്തികരമാണ് എന്ന് ആരോപിച്ചാണ് സാബു പരാതി നല്‍കിയത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നാണ് പരാതി.
അന്ന് യുവതി പരാതി നല്‍കിയിരുന്നില്ല. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് 2021 മാര്‍ച്ചില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചിരുന്നു. മയൂഖയുടെ ആരോപണത്തെ തുടര്‍ന്ന് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തിരുന്നു.