ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്
national news
ഗോള്‍വാള്‍ക്കര്‍ക്കെതിരായ പോസ്റ്റ്; ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2023, 11:31 am

 

ഇന്‍ഡോര്‍: ആര്‍.എസ്.എസ് മുന്‍ മേധാവി എം.എസ് ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്ത് ഇന്‍ഡോര്‍ പൊലീസ്.

അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷിയാണ് സിങ്ങിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 153-A , 469, 500, 505 എന്നിവ പ്രകാരമാണ് ദിഗ് വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദളിതര്‍, പിന്നാക്ക വിഭാഗക്കാര്‍, മുസ്‌ലിങ്ങള്‍, ഹിന്ദുക്കള്‍ എന്നിവര്‍ക്കെതിരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഗോള്‍വാള്‍ക്കറുടെ പേരും ചിത്രവുമുള്ള പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചെന്ന് പരാതിയില്‍ ജോഷി പറയുന്നു. ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള സിങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംഘ് പ്രവര്‍ത്തകരുടെയും മുഴുവന്‍ ഹിന്ദു സമുദായത്തിന്റെയും മതപരമായ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സംഘടനയുടെ പ്രതിഛായക്ക് കോട്ടംതട്ടുന്ന തെറ്റായ പോസ്റ്റാണ് ഗോള്‍വാക്കറെ കുറിച്ച് സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് പ്രദേശിക സംഘ് നേതാവ് മാധ്യമങ്ങള്‍ക്ക് അയച്ച പ്രസ്താവനയില്‍ പറയുന്നു.

ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജിന്റെ ചിത്രം സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും മുസ്‌ലിങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നതും മറ്റ് വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന പേജിന്റെ ചിത്രമാണ് സിങ് പങ്കുവെച്ചിരുന്നത്.

ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആര്‍.എസ്.എസ് നേതാവ് സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു. ഇത് അടിസ്ഥാന രഹിതമാണെന്നും ഗുരുജി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വിവേചനം ഇല്ലാതാക്കാനായിരുന്നു ഗോള്‍വാക്കറുടെ ജീവിതമെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Police registered case against Digvijay singh for sharing a contravertial post on golwalker