ഷുക്കൂര്‍ വക്കീല്‍- ഷീന ദമ്പതികളുടെ വീടിന് പൊലീസ് സംരക്ഷണം
Kerala News
ഷുക്കൂര്‍ വക്കീല്‍- ഷീന ദമ്പതികളുടെ വീടിന് പൊലീസ് സംരക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 9:00 pm

കാസര്‍ഗോഡ്: മുസ്‌ലിം വ്യക്തി നിയമം മറികടക്കാന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ച ഷുക്കൂര്‍ വക്കീല്‍- ഷീന ദമ്പതികളുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ആക്രമണത്തിനുള്ള സാധ്യതയുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ടെ അഡ്വ. ഷുക്കൂറിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

ഇസ്‌ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണെന്നും ഷുക്കൂര്‍ വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്സിറ്റിയുടെ ഫത്വ കൗണ്‍സില്‍ പ്രസ്താവനയിറക്കിയിരുന്നു.

 

ഇതിന് മറുപടിയായി, ‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും, നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നുവെന്ന് ഷുക്കൂര്‍ വക്കീല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1937ലെ മുസ്‌ലിം വ്യക്തി നിയമം പ്രകാരം പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ മക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന ഒരു ഭാഗം മാതാപിതാക്കളുടെ സഹോദരങ്ങള്‍ക്കാണ് ലഭിക്കുക. ഇതിനെ മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂറും പങ്കാളി ഷീനയും വീണ്ടും വിവാഹം ചെയ്തത്.

 

വിഷയത്തില്‍ ഷുക്കൂര്‍ വക്കീലിന് അഭിനന്ദനങ്ങളുമായി ഓസ്‌ക്കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അഭിനയം കൊണ്ടും എടുക്കുന്ന നിലപാടുകള്‍ കൊണ്ടും ഷുക്കൂര്‍ വക്കീല്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ ചുവടുവെപ്പ് രാജ്യത്തെ ലിബറല്‍ മുസ്‌ലിങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെയെന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.