കൊച്ചി: മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരെ വീണ്ടും പോലീസ് അതിക്രമം. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ പ്രതീഷിന്റെ വീട്ടിലെത്തി പോലീസ് അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു.
സദാചാരലംഘനം ആരോപിച്ച് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പ്രതീഷിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. പൊലീസ് കരുതിക്കൂട്ടി തയ്യാറാക്കിയ നാടകമാണിതെന്നാണ് പ്രതീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ആദ്യം പ്രതീഷുമായി സംസാരിച്ചുപോയശേഷം തരിച്ചുവന്ന് പ്രതീഷിനെ പിടികൂടി മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വീട്ടിനകത്തും പോലീസ് സ്റ്റേഷനകത്തു വെച്ചും പോലീസുകാര്‍ പ്രതീഷിനെ മര്‍ദ്ദിക്കുകയും ചെയ്തു. ” നീ നിന്റെ പണി നിര്‍ത്തിപോവണം എന്നാണ് അവര്‍ പറഞ്ഞത്. ഞാനെന്ത് തെറ്റാണ് ചെയ്തത്? എന്ന് ചോദിച്ചെങ്കിലും മര്‍ദ്ദനമായിരുന്നു മറുപടിയായി നല്‍കിയത്. വിപിന്‍ദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദ്ദിച്ചത്.” എന്നാണ് പ്രതീഷ് മാധ്യമങ്ങളോട് പറഞ്ഞത്.
സ്റ്റേഷനിലെത്തിയ പ്രതീഷിന്റെ സുഹൃത്തുകളോട് ദൈവം ഉണ്ടെന്ന് മനസ്സിലായില്ലേ, ഞങ്ങളിവനായി കാത്തിരിക്കുകയായിരുന്നു എന്നും പൊലീസുകാര്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
നേരത്തെയും പ്രതീക്ഷിനുനേരെ പൊലീസ് ആക്രമണമുണ്ടായിരുന്നു. പ്രതീഷിനേയും സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകയുമായ അമൃത ഉമേഷിനേയും എറണാകുളത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പൊലീസ് നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണമാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് പ്രതീഷിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.