മകളെ പീഡിപ്പിച്ചെന്ന പരാതി: ഒന്നര വർഷം ജയിലിൽ കഴിഞ്ഞ അച്ഛൻ കുറ്റക്കാരനല്ലെന്ന് കോടതി
മഞ്ചേരി: അച്ഛൻ ബലാത്സംഗം ചെയ്തുവെന്ന മകളുടെ പരാതി മൂലം ഒന്നര വർഷം ജയിലിൽ കഴിഞ്ഞ പിതാവ് കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ട് മഞ്ചേരി പോക്സോ കോടതി വിട്ടയച്ചു. ചങ്ങരംകുളം പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ് 48കാരനായ അച്ഛനെ കോടതി മോചിപ്പിച്ചത്.
2016 മാർച്ച് 18നാണ് പതിനാറുകാരിയായ മകൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്. ജനുവരിയിൽ അമ്മ വീട്ടിലില്ലാത്ത നേരത്ത് കിടപ്പുമുറിയിൽ വച്ച് അച്ഛൻ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ അച്ഛനെ ചങ്ങരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അച്ഛനെ കോടതി റീമാൻഡ് ചെയ്തിരുന്നു.
പ്രതിയെ ജാമ്യത്തിലെടുക്കാൻ ആരും തയാറാകാത്തതിനെ തുടർന്നു ഒന്നര വർഷത്തോളം റിമാൻഡിൽ കഴിയേണ്ടി വന്നു. കഴിഞ്ഞ വര്ഷം ഡിസംബർ 11നാണ് അച്ഛന് ജാമ്യം ലഭിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയുമായുള്ള മകളുടെ പ്രണയത്തെ അച്ഛൻ എതിർത്തതിലുള്ള വിരോധമാണ് അച്ഛനെതിരെ പരാതി നൽകാൻ കാരണമായതെന്നുള്ള പ്രതിഭാഗം വക്കീൽ ടി. അബ്ബാസിന്റെ വാദം കോടതി അംഗീകരിച്ചതിലൂടെയാണ് അച്ഛനെ വിട്ടയച്ചത്.
കേസിൽ പെൺകുട്ടിയുടെ അമ്മ രണ്ടാം സാക്ഷിയായിരുന്നു. പക്ഷെ, അമ്മയെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ തയാറായില്ല. എന്നാൽ പ്രതിഭാഗം വിസ്തരിച്ചപ്പോൾ അമ്മ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.