Kerala
മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്; തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 19, 04:30 am
Tuesday, 19th October 2021, 10:00 am

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

2019 ല്‍ വൈലോപ്പിള്ളി നഗറിലുള്ള മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലുള്ള വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മയും പെണ്‍കുട്ടിയും ചേര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് മോന്‍സനെതിരെയുള്ള വിവിധ കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസുകൂടി ക്രൈംബ്രാഞ്ചിലേക്ക് കൈമാറാനാണ് സാധ്യത.

മോന്‍സന്റെ സ്വാധീനമടക്കം ഭയന്നാണ് ഇത്രയും കാലം താന്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pocso Case Against Monson Mavunkal