ഇന്ന് നടന്ന ടി-20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ന്യൂ ഗിനിയ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ന്യൂ ഗിനിയക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് കിപ്ലിന്‍ ഡോരിജയാണ്. 32 പന്തില്‍ 27 റണ്‍സ് ആണ് താരം നേടിയത്. അലീ നാവോ 19 പന്തില്‍ 13 റണ്‍സ് നേടി. ഓപ്പണര്‍ ടോണി ഉറ 18 പന്തില്‍ 11 റണ്‍സും നേടിയിരുന്നു. ടീമിലെ 7 പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.
അതില്‍ നാലുപേര്‍ റണ്‍ ഔട്ട് ആവുകയായിരുന്നു. ക്യാപ്റ്റന്‍ ആസാദ് വാ, ചാഡ് സോപര്‍, നോര്‍മല്‍ വനുവ, സെമോ കമെ എന്നിവരാണ് ഔട്ട് ആയത്. ഇതോടെ 2024 ടി ട്വന്റി ലോകകപ്പ് ചരിത്രത്തില്‍ ഒരു മോശം റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു ടി-20 ലോകകപ്പലെ ഒരു സിംഗിള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ ഔട്ട് ആകുന്ന ടീം എന്ന മോശം നേട്ടമാണ് പി.എന്‍.ജി സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ ഓപ്പണ്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 11 റണ്‍സിന് പുറത്തായപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 7 പന്ത് കളിച്ചു പൂജ്യനാണ് പുറത്തായത്. ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഗുല്‍ബാദിന്‍ നായിബാണ്. 36 പന്തില്‍ 49 റണ്‍സ് നേടിയാണ് താരം ടീമിനെ വിജയത്തില്‍ എത്തിച്ചത്. മുഹമ്മദ് നബി 16 റണ്‍സ് നേടി താരത്തിന് കൂട്ട് നിന്നു.