സ്ഫടികത്തിന് ശേഷം എന്നെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു, പക്ഷേ ഒന്നും ഞാനറിഞ്ഞില്ല; 'പനച്ചേല്‍ കുട്ടപ്പന്‍' പറയുന്നു
Malayalam Cinema
സ്ഫടികത്തിന് ശേഷം എന്നെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു, പക്ഷേ ഒന്നും ഞാനറിഞ്ഞില്ല; 'പനച്ചേല്‍ കുട്ടപ്പന്‍' പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th May 2021, 2:46 pm

പി.എന്‍ സണ്ണി എന്ന നടനെ സംബന്ധിച്ച് സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍ എന്ന കഥാപാത്രം അപ്രതീക്ഷമായി കൈവന്ന ഒരു നേട്ടമായിരുന്നു. ഒട്ടും നിനച്ചിരിക്കാതെ ലഭിച്ച ആദ്യ സിനിമ. അതിലെ കഥാപാത്രത്തിന് മികച്ച പ്രതികരണവും പ്രേക്ഷക പ്രശംസയും ലഭിക്കുക.
ഇതെല്ലാം ഒരു തുടക്കക്കാരനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ നേട്ടങ്ങളായിരുന്നു.

എന്നാല്‍ തൊരപ്പന്‍ ബാസ്റ്റിനില്‍ നിന്നും 25 വര്‍ഷമെടുത്തു അത്തരത്തില്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രത്തെ സണ്ണിക്ക് ലഭിക്കാന്‍. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സണ്ണിയെ തേടി ഇപ്പോഴും അഭിനന്ദന പ്രവാഹമാണ്. കേരള പൊലീസില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെ സിനിമയില്‍ വീണ്ടും തനിക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സണ്ണി.

എന്നാല്‍ താന്‍ സ്വപ്‌നം കണ്ട ഒരു സിനിമാ ജീവിതം സണ്ണിക്ക് ലഭിച്ചിരുന്നില്ല. സ്ഫടികത്തിന് ശേഷം നിരവധി അവസരങ്ങള്‍ സണ്ണിയെ തേടിയെത്തിയെങ്കിലും അതൊന്നും സണ്ണി അറിയാതെ പോയി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അറിയാതെ പോയ അവസരങ്ങളെ കുറിച്ചുള്ള കഥ സണ്ണി പങ്കുവെച്ചത്.

‘തൊരപ്പന്‍ ബാസ്റ്റിന് ശേഷം നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് വീട്ടില്‍ ഫോണുണ്ടായിരുന്നില്ല. എന്നെ വിളിച്ചു കിട്ടണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മാത്രമായിരുന്നു വഴി. അതിനാല്‍ തന്നെ പല സിനിമാക്കാരും ബന്ധപ്പെട്ടത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.

പക്ഷേ പലപ്പോഴും അവര്‍ ബന്ധപ്പെടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. സ്‌റ്റേഷനിലെ തിരക്കുകള്‍ കാരണം എന്റെ സഹപ്രവര്‍ത്തകര്‍ സിനിമാക്കാര്‍ വിളിച്ച വിവരം പറയാന്‍ വിട്ടുപോകുകയും ചെയ്തു. അങ്ങനെ കുറച്ചവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടു. ഭദ്രന്‍ സാറിന്റെ ‘യുവതുര്‍ക്കി’യില്‍ ഒരു കഥാപാത്രം പറഞ്ഞുവെങ്കിലും സിനിമ മുഴുവനായി എഴുതിവന്നപ്പോള്‍ ആ കഥാപാത്രം ഇല്ലാതായി. പിന്നെ എനിക്കും സിനിമയോട് താത്പര്യം കുറഞ്ഞു,’ സണ്ണി പറയുന്നു.

പൃഥ്വിരാജ് നായകനായ വെള്ളിത്തിര എന്ന ചിത്രത്തില്‍ ഭദ്രന്‍ സാര്‍ തന്നെയാണ് രണ്ടാമതും തനിക്ക് സിനിമയില്‍ അവസരം തന്നതെന്നും സണ്ണി പറയുന്നു.

വെള്ളിത്തരയുടെ സെറ്റില്‍ വെച്ച് വിനായകനുമായി സൗഹൃദത്തിലായെന്നും അതുവഴി സംവിധായകന്‍ അമല്‍ നീരദിനെ പരിചയപ്പെടുകയും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയും ചെയ്‌തെന്നും സണ്ണി പറഞ്ഞു.

ഈ സെറ്റില്‍ വെച്ച് ചെമ്പന്‍ വിനോദുമായി പരിചയത്തിലായി. പിന്നാലെ ഡബിള്‍ ബാരല്‍ എന്ന സിനിമയിലേക്കുള്ള വിളിയെത്തി. ഈ പറഞ്ഞ സിനിമകളിലെല്ലാം തന്നെ തേടിയെത്തിയത് ഗുണ്ടാ പരിവേഷമുള്ള കഥാപാത്രങ്ങളായിരുന്നെന്നും അതില്‍ നിന്നൊരു മാറ്റം താന്‍ ആഗ്രഹിച്ചിരുന്നെന്നും സണ്ണി പറയുന്നു.

ഇയ്യോബിന്റെ സെറ്റില്‍ വെച്ചാണ് ശ്യാം പുഷ്‌കരനെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സിനിമയില്‍ നല്ലൊരു കഥാപാത്രം വന്നാല്‍ വിളിക്കുമെന്ന് അന്ന് ശ്യാം പറഞ്ഞിരുന്നു. ഞാനത് മറന്നെങ്കിലും ശ്യാം ആ വാക്ക് മന്നില്ല. ജോജിയിലെ പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രം വന്നപ്പോള്‍ അദ്ദേഹം ഓര്‍മ്മിച്ച് എന്നെ വിളിച്ചു. എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ വളരെ നന്നായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോള്‍ ഈ ലോകം മുഴുവന്‍ ജോജി കണ്ട് അഭിനന്ദനം അറിയിക്കാന്‍ വിളിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്, സണ്ണി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor PN Sunny About Panachel Kuttappan In Joji and Thorappan Bastin in Sphadikam