അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി
national news
അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 10:06 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംവാദത്തിന് തയ്യാറാവാത്തതില്‍ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മോദിക്ക് സാധിക്കില്ല. അതാണ് സംവാദത്തിന് വരാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനി, അംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പക്ഷെ അത് അന്വേഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

‘പധാനമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്ക് ഉറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണെന്നാണ്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം അവസാനിപ്പിക്കുള്ളൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ
ഏഴ് ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: PM won’t debate with me as he can’t answer questions on Adani links: Rahul