50 മിനുട്ട് നീണ്ട മോദി-പവാര്‍ കൂടിക്കാഴ്ച; ചെവികൂര്‍പ്പിച്ച് ദേശീയ രാഷ്ട്രീയം
national news
50 മിനുട്ട് നീണ്ട മോദി-പവാര്‍ കൂടിക്കാഴ്ച; ചെവികൂര്‍പ്പിച്ച് ദേശീയ രാഷ്ട്രീയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th July 2021, 1:26 pm

ന്യൂദല്‍ഹി: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 50 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്.
ശരദ് പവാറുമായി മോദി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.

” രാജ്യസഭാ എം.പി. ശരദ് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി” പവാറും മോദിയും ഒരുമിച്ചുള്ള ഫോട്ടോയുള്‍പ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പവാറും മോദിയും കൂടിക്കാഴ്ച നടത്തിയത്.

താന്‍ മത്സരിക്കുമെന്നത് വെറും വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്ന് പവാര്‍ പ്രതികരിച്ചിരുന്നു.

ബി.ജെ.പിക്ക് മൂന്നുറിലധികം എം.പിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് തനിക്കറിയാമെന്നും താന്‍ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍വസമ്മതനായ ഒരു നേതാവിനെ സ്ഥാനാര്‍ഥി ആയി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി ആവുമെന്ന വാര്‍ത്തകള്‍ വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: PM Modi, Sharad Pawar Meet For Nearly 50 Minutes