ന്യൂദല്‍ഹി: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിനിടെ ഇന്ത്യയില്‍ സത്യാഗ്രഹം ചെയ്തതിന് ജയിലില്‍ കിടന്നിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ശരിയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. മോദിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായി പരിഹാസം ഉയരുന്നതിനിടെയാണ് മോദിയെ ന്യായീകരിച്ച് മാളവ്യ രംഗത്തെത്തിയത്.
”പ്രധാനമന്ത്രി മോദി ബംഗ്ലാദേശിന്റെ പദവി അംഗീകരിക്കുന്നതിനായി ജനസംഘം സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നോ? അദ്ദേഹം ഭാഗമായിട്ടുണ്ട്,” അമിത് മാളവ്യ പറഞ്ഞു.
ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതയാത്രയിലെ പ്രധാനപ്പെട്ട നിമിഷമാണെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്.
സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.
‘ ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരുന്നു … ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു … എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ഞാന്‍ അന്ന്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും എനിക്ക് അവസരം ലഭിച്ചു, ‘ എന്നും മോദി നേരത്തെ അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു.
സ്വാതന്ത്ര്യസമരത്തിന് പങ്കെടുത്ത് അഞ്ച് വയസ്സുകാരന്‍ ബാല മോദി ജയിലില്‍ പോയതുപോലെ തന്നെ ആവും ഇതല്ലേ എന്നായിരുന്നു ഭൂഷണന്റെ പരിഹാസം.
ബംഗ്ലാദേശിന്റെ വിമോചനത്തിന് പാകിസ്താനുമായി നമ്മുടെ സര്‍ക്കാര്‍ യുദ്ധത്തിന് പോയപ്പോള്‍ ബംഗ്ലാദേശിന്റെ വിമോചനത്തെ പിന്തുണച്ചതിന് മോദിജിയെ ഇന്ത്യയില്‍ ജയിലിലടച്ചു!
സ്വാതന്ത്ര്യസമരത്തില്‍ 5 വയസുകാരനായ ബാലമോദി ജയിലില്‍ പോയത് പോലെ, ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘പൊളിറ്റിക്കല്‍ സയന്‍സില്‍ ‘ എം.എ. എടുത്ത പോലെ! കള്ളം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക