മോദിയുടെ സ്വത്തില്‍ വര്‍ധന, അമിത് ഷായുടേത് കുറഞ്ഞു; കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
India
മോദിയുടെ സ്വത്തില്‍ വര്‍ധന, അമിത് ഷായുടേത് കുറഞ്ഞു; കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2020, 10:56 am

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. അതേസമയം അമിത് ഷായുടെ സ്വത്തില്‍ കുറവാണ് കാണിക്കുന്നത്. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്.

പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വര്‍ഷം ജൂണ്‍ 30 വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയുടെ വര്‍ധനവാണ് കാണിച്ചിരിക്കുന്നത്.

3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തില്‍ നിന്നും ലഭിച്ച ലാഭവുമാണ് മോദിയുടെ വരുമാനത്തില്‍ വര്‍ധവ് ഉണ്ടാക്കിയതെന്നാണ് പി.എം.ഒയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്.

ഈ വര്‍ഷം ജൂണ്‍ വരെ പ്രധാനമന്ത്രി മോദിയുടെ കൈയില്‍ 31,450 രൂപയും എസ്.ബി.ഐ ഗാന്ധിനഗര്‍ എന്‍.എസ്.സി ബ്രാഞ്ചില്‍ 3,38,173 രൂപയും ഉണ്ട്. ഇതേ ബ്രാഞ്ചില്‍ ബാങ്ക് എഫ്.ഡി.ആര്‍, എം.ഒ.ഡി ബാലന്‍സ് 1,60,28,939 രൂപയും ഉണ്ട്.

8,43,124 രൂപയുടെ ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകളും (എന്‍.എസ്.സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും 20,000 രൂപയുടെ ഇന്‍ഫ്രാ ബോണ്ടുകളും മോദിക്കുണ്ട്. കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിലാണ്.

അതേസമയം പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല, അദ്ദേഹത്തിന്റെ പേരില്‍ സ്വന്തമായി വാഹനങ്ങളും ഇല്ല. എന്നാല്‍ 45 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപയാണ്.

ഗാന്ധിനഗറിലെ സെക്ടര്‍ -1 ല്‍ 3,531 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു പ്ലോട്ട് മോദിക്ക് സ്വന്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ സ്വത്തില്‍ മൂന്ന് പേര്‍ക്ക് കൂടി പങ്കാളിത്തമുണ്ടെന്നും ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നുമാണ് മോദി പറയുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബര്‍ 25 നാണ് ഈ സ്വത്ത് വാങ്ങിയത്. അക്കാലത്ത് വില 1.3 ലക്ഷം രൂപയിലായിരുന്നെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മോദിയുടെ സ്വത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ അമിത് ഷായുടെ സ്വത്ത് കുറഞ്ഞതായാണ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഷെയര്‍ മാര്‍ക്കറ്റിലെ ചാഞ്ചാട്ടവും മാര്‍ക്കറ്റിലെ ഇടിവുമാണ് അമിത് ഷായുടെ സ്വത്തിലും കുറവു വരുത്തിയതെന്നാണ് വിശദീകരണം.

2020 ജൂണ്‍ വരെയുള്ള അമിത് ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 32.3 കോടി രൂപയായിരുന്നു.

അമിത് ഷായുടെ ഉടമസ്ഥതയില്‍ ഗുജറാത്തില്‍ 10 ഇടങ്ങളിലായി സ്വത്തുക്കളുണ്ട്. അമ്മയില്‍ നിന്ന് ലഭിച്ച കുടുംബസ്വത്തിന്റെ മൂല്യം 13.56 കോടി രൂപയാണെന്നാണ് പി.എം.ഒയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്.

അമിത് ഷായുടെ കൈയില്‍ 15,814 രൂപയാണ് ഉള്ളത്. ബാങ്ക് ബാലന്‍സും ഇന്‍ഷുറന്‍സ് പോളിസികളിലുമായി 1.04 കോടി രൂപയും 13.47 ലക്ഷം രൂപയുടെ പെന്‍ഷന്‍ പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളില്‍ 2.79 ലക്ഷം രൂപയും 44.47 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ട്.

12.10 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളും 1.4 കോടി രൂപയുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റികളും അദ്ദേഹത്തിനുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ഇവയുടെ മൊത്തം മൂല്യം 13.5 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 17.9 കോടി രൂപയായിരുന്നു.

അതേസമയം 15.77 ലക്ഷം രൂപയുടെ ബാധ്യതയും അമിത് ഷായ്ക്കുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അമിത് ഷായുടെ ഭാര്യയുടെ ആസ്തി കഴിഞ്ഞ വര്‍ഷം ഒമ്പത് കോടിയായിരുന്നത് ഈ വര്‍ഷം 8.53 കോടി രൂപയായി കുറഞ്ഞു. അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിപണി മൂല്യം കഴിഞ്ഞ വര്‍ഷം 4.4 കോടിയായിരുന്നത് 2.25 കോടി രൂപയായി കുറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആസ്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും വന്നിട്ടില്ല. 1.97 കോടി രൂപയുടെ കൈമാറ്റം ചെയ്യപ്പെടാവുന്ന സ്വത്തും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയും അദ്ദേഹത്തിനുണ്ട്. ഓഹരിവിപണിയിലോ ഇന്‍ഷുറന്‍സിലോ പെന്‍ഷന്‍ പോളിസികളിലോ സിങ്ങിന് നിക്ഷേപമില്ല.

എന്നിരുന്നാലും .32 റൗണ്ട് റിവോള്‍വറും 2 പൈപ്പ് ഗണ്ണുകളും രാജ്‌നാഥ് സിങ്ങിന്റെ കൈവശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഭാര്യ സാവിത്രി സിംഗിന് 54.41 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

മുന്‍ ബി.ജെ.പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയ്ക്കും ഭാര്യയ്ക്കുമായി 2.97 കോടി രൂപയാണ് ഉള്ളത്. അദ്ദേഹത്തിന്റെ സ്ഥാവര ആസ്തി 15.98 കോടി രൂപയാണ്. 6 വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട്.

ധനമന്ത്രി നിര്‍മലാ സീതാരാമന് 9.36 ലക്ഷം രൂപ വിലയുള്ള പാര്‍പ്പിട സ്വത്തും 16.02 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ഷിക ഭൂമിയും ഉണ്ട്.
നിര്‍മലാ സീതാരാമന് സ്വന്തമായി ഫോര്‍ വീലര്‍ ഇല്ല. 28,200 രൂപ വിലമതിക്കുന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബജാജ് ചേതക് സ്‌കൂട്ടര്‍ കൈവശമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

19 വര്‍ഷത്തേക്കുള്ള ഭവനവായ്പയും ഒരു വര്‍ഷത്തെ ഓവര്‍ ഡ്രാഫ്റ്റും 10 വര്‍ഷത്തെ പണയ വായ്പയുമുണ്ട്. കൈമാറ്റം ചെയ്യാവുന്ന ആസ്തി 18.4 ലക്ഷം രൂപയാണ്.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് പാരമ്പര്യമായി ലഭിച്ചതും സ്വന്തം ഉടമസ്ഥതയിലുള്ളതുമായ 3.79 കോടി രൂപയുടെ സ്വത്തുണ്ട്. ഏകദേശം 16.5 കോടി രൂപയുടെ ആസ്തികളും നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്.

വാണിജ്യ, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് 27.47 കോടി രൂപയുടെ സ്ഥാവര ആസ്തിയുണ്ട്. ഭാര്യ സീമ ഗോയലിന് 50.34 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കില്‍ പറയുന്നുണ്ട്. എച്ച്.യു. എഫ് വിഭാഗത്തില്‍ 45.65 ലക്ഷം രൂപയുടെ ആസ്തിയും അദ്ദേഹത്തിനുണ്ട്.
മൊത്തം ആസ്തി 78.27 കോടി രൂപയാണ്. പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും ധനികരില്‍ ഒരാളും ഇദ്ദേഹമാണ്.

കേന്ദ്രമന്ത്രി സ്മൃതിക്ക് ഇറാനിക്ക് 4.64 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും നിക്ഷേപം ഉള്‍പ്പെടെ 1.77 കോടി രൂപയും ഉണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ