ജനങ്ങള്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന് നരേന്ദ്ര മോദി
Daily News
ജനങ്ങള്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന് നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2016, 5:46 pm

സര്‍ക്കാര്‍ ശിക്ഷിക്കുന്നത് അഴിമതിക്കാരെയും ചതിയന്‍മാരെയുമാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


ലക്‌നൗ: ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നോട്ട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ലെന്നും മോദി പറഞ്ഞു.

നോട്ട് വിഷയത്തില്‍ ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ശിക്ഷിക്കുന്നത് അഴിമതിക്കാരെയും ചതിയന്‍മാരെയുമാണ്. പാവങ്ങളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


ഇനിയും ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷ്ണമാകുമെന്ന് രാജ്‌നാഥ് സിങ്


ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യം പൂര്‍ണ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവങ്ങളുടെ അവകാശങ്ങളാണ് അഴിമതിക്കാര്‍ കവര്‍ന്നെടുക്കുന്നത്. എല്ലാ പ്രശ്‌നത്തിനും കാരണം അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കഷ്ടപ്പാടുകളും സമരങ്ങളും സമര്‍പ്പണവും നിഷ്ഫലമാക്കാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഞാനും പോരാടുന്നത്. ജന്‍ധന്‍ അക്കൗണ്ടില്‍  കള്ളപ്പണക്കാര്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിച്ച് നല്‍കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരിവര്‍ത്തന്‍ യാത്രയ്ക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥയില്‍ ഹെലിക്കോപ്റ്ററിന് ഇറങ്ങാനാകാത്തതിനാല്‍ ഫോണ്‍ വഴിയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തത്.

നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നതിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും രംഗത്തെത്തിയിരുന്നു.


സഭാ നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ 14 ദിവസങ്ങളോളം നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തിയത്.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ട് വിശദീകരിക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. മോദി രാജ്യസഭയില്‍ ഹാജരായിരുന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറായിട്ടില്ല.