വാഷിങ്ടണ്‍: യു.എസ് സന്ദര്‍ശനത്തിനിടെ വൈറ്റ്ഹൗസില്‍ പ്രസംഗിക്കവെ വെച്ച് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തേയും പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടില്‍ എപ്പോഴും ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകുമെന്നും എന്നാല്‍ രാജ്യത്തിനായി സംസാരിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മോദി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘വീട്ടില്‍ എപ്പോഴും ആശയങ്ങളുടെയും ഐഡിയോളജികളുടെയും മത്സരമുണ്ടാകും, അങ്ങനെ ഉണ്ടായിരിക്കണം.
പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ നമ്മളെല്ലാം ഒരുമിക്കണം. അമേരിക്കക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു, അഭിനന്ദനങ്ങള്‍. അമേരിക്കക്ക് ശക്തമായ ഉഭയകക്ഷി യോജിപ്പ് ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇന്ത്യക്ക് ജനാധിപത്യ മൂല്യങ്ങളില്‍ ഒരു മുന്‍വിധിയുമില്ല. ഇന്ത്യന്‍ സര്‍ക്കാരിന് രാജ്യത്തെ ഏതെങ്കിലും ഗ്രൂപ്പുകളെ കുറിച്ച് മുന്‍വിധിയില്ല. സ്വന്തം രാജ്യത്തിന് വേണ്ടി മാത്രമല്ല, ലോകം നിറവേറ്റുന്ന ദൗത്യങ്ങള്‍ നിറവേറ്റാനും ഇന്ത്യ തയ്യാറാണ്.
അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ഇരു രാജ്യങ്ങളും അവരുടെ വൈവിധ്യങ്ങളില്‍ അഭിമാനിക്കുന്നവരാണ്. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ഇരു രാജ്യങ്ങള്‍ക്കും ഒരേനിലപാടാണ്. ബഹിരാകാശ രംഗത്തും സര്‍ക്കാരുകള്‍ തമ്മിലും വ്യാപാര മേഖലയിലും അക്കാദമിക സ്ഥാപനങ്ങള്‍ തമ്മിലും കൂടുതല്‍ സഹകരണങ്ങള്‍ ഉറപ്പാക്കും.
ആഗോള നന്മയും സമാധാനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. മൂന്ന് പതിറ്റാണ്ട് മുമ്പ് സാധാരണ പൗരനായി അമേരിക്കയില്‍ വന്നിരുന്നു. അന്ന് വൈറ്റ്ഹൗസ് പുറത്തുനിന്നാണ് കണ്ടത്,’ മോദി പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് അനന്ത സാധ്യതകളുണ്ടെന്ന് ജോ ബൈഡനും പറഞ്ഞു. 21ാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൂടുതല്‍ യു.എസ് കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് വൈറ്റ്ഹൗസും അറിയിച്ചു.
യു.എസ് സന്ദര്‍ശനത്തിനിടെ ബൈഡനും ഭാര്യയ്ക്കും മോദി സമ്മാനങ്ങള്‍ കൈമാറി. ജയ്പൂരിലെ ചന്ദനപ്പെട്ടി, ഗണപതി വിഗ്രഹം, ദിയ, ചെമ്പ് തകിട്, നാണയങ്ങള്‍ അടങ്ങിയ വെള്ളിപ്പെട്ടികള്‍ തുടങ്ങിയവയാണ് മോദി ബൈഡന് സമ്മാനിച്ചത്. ലാബില്‍ നിര്‍മിച്ച 7.5 കാരറ്റ് ഹരിത വജ്രമാണ് പ്രഥമ വനിത ഡോ. ജില്‍ ബൈഡന് അദ്ദേഹം സമ്മാനിച്ചത്.