കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ല എന്ന് തെളിയിച്ചുകൊണ്ട് പ്ലസ്ടു ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ തെറ്റ്. പ്രശസ്തരായ രണ്ട് ബംഗാളി എഴുത്തുകാരാണ് ഇപ്പോള്‍ തെറ്റായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ആശാപൂര്‍ണാ ദേവിയുടെ വിവരണത്തോടൊപ്പം നല്‍കിയിരിക്കുന്നത് മറ്റൊരു ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ ചിത്രം. “ഫൈറ്റ് ഓഫ് ഫ്രീഡം” എന്ന് ഒന്നാമത്തെ യൂണിറ്റിലാണ് (പേജ് 22) ചിത്രം മാറി പ്രിന്റ് ചെയ്തിരിക്കുന്നത്.
മഹാശ്വേതാ ദേവി (ഇടത്), ആശാപൂര്‍ണാ ദേവി (വലത്)
പാഠപുസ്തകത്തില്‍ ആശാപൂര്‍ണാ ദേവിയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇന്റെര്‍നെറ്റിലെ വിക്കിപീഡിയയില്‍ ഉള്ളത് അതേപടി കോപ്പിചെയ്തിരിക്കുന്നതാണ്. വിക്കീപീഡിയയിലെ പ്രസ്തുത പോസ്റ്റില്‍ ആശാപൂര്‍ണാ ദേവിയുടെ ചിത്രം നല്‍കിയിട്ടില്ല. ഇതായിരിക്കും പാഠപുസ്തക കമ്മിറ്റി ചിത്രം തെറ്റായി പ്രിന്റ് ചെയ്യുന്നതിലേക്കെത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒന്നാം യൂണിറ്റിലെ മൂന്നാം ഭാഗത്ത് ആശാപൂര്‍ണാ ദേവിയുടെ “മാച്ച് ബോക്‌സ്” എന്ന ചെറുകഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ അനുബന്ധമായാണ് എഴുത്തുകാരിയെ കുറിച്ചുള്ള വിവരണം നല്‍കിയിട്ടുള്ളത്. നല്‍കിയിരിക്കുന്ന വിവരണം യാതൊരു മാറ്റവും കൂടാതെ വിക്കീപീഡിയയില്‍ നിന്ന് കോപ്പിചെയ്തതാണെന്ന് കാണാവുന്നതാണ്.
പാഠപുസ്തകത്തിലെ 22-ാം പേജില്‍ നിന്ന്
വിക്കീപീഡിയ പോസ്റ്റില്‍ നിന്ന്
പാഠപുസ്തക കമ്മിറ്റിക്ക് വിക്കീപീഡിയ ചെയ്യുന്നത്ര ഗൗരവത്തോടുകൂടിപ്പോലും പാഠപുസ്തകം നിര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഏതുസമയത്തും ആര്‍ക്കുവേണമെങ്കിലും എഡിറ്റ് ചെയ്ത് മാറ്റാന്‍ കഴിയുന്ന വിധമാണ് വിക്കീപീഡിയയിലെ വിവരങ്ങള്‍. അത്തരത്തിലുള്ള വിവരങ്ങള്‍ കൂടുതല്‍ വായനയ്ക്കായി ഉപയോഗിക്കാമെങ്കിലും ആധികാരിക വിവരങ്ങളായി ഉപയോഗിക്കാന്‍ കഴിയില്ല. എന്നിട്ടും പ്ലസ്ടു പാഠപുസ്തക കമ്മിറ്റി ഇത്തര വിവരങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളോടും വിദ്യാഭ്യാസത്തോടും തങ്ങളുടെ പ്രവര്‍ത്തിയോടും ഇവര്‍ വെച്ചുപുലര്‍ത്തുന്ന നിരുത്തരവാദ സമീപനമാണ് വ്യക്തമാകുന്നത്.
ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍ വിതരണം ചെയ്യപ്പെട്ടിട്ടില്ല. ക്ലാസ് തുടങ്ങി ഇതുവരെയായിട്ടും വിദ്യാര്‍ത്ഥികളിലേയ്ക്ക് പാഠപുസ്തകം എത്താത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണമായി വിമര്‍ശിക്കപ്പെടുന്ന അതേ അവസരത്തിലാണ് ഇപ്പോള്‍ പ്രശ്തരായ രണ്ട് ഇന്ത്യന്‍ സാഹിത്യകാരികളെ പോലും തെറ്റായി പ്രിന്റ് ചെയ്ത് വിവാദത്തിലായിരിക്കുന്നത്.
വെബ്‌സൈറ്റില്‍ പിന്നീട് വന്ന തിരുത്ത്
http://mathematicsschool.blogspot.in/ എന്ന സൈറ്റില്‍ ഇപ്പോഴും പി.ഡി.എഫ് നല്‍കിയിരിക്കുന്നത് തെറ്റായി പ്രിന്റ് ചെയ്തിരിക്കുന്ന ഈ പാഠപുസ്തകമാണ്. തെറ്റ് ചൂണ്ടിക്കാണിക്കപ്പെടുകയും വിമര്‍ശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തില്‍ “erratum” (തിരുത്തല്‍ നോട്ട്) നോട്ടുകൂടി സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പാഠപുസ്തകം അച്ചടിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പി.ഡി.എഫ് രൂപത്തിലുള്ള ഈ പാഠ പുസ്തകം പ്രിന്റ് ചെയ്ത് പഠിക്കേണ്ട ഗതികേടിലാണ്.
തെറ്റ് ശ്രദ്ധയില്‍ പെട്ടതോടെ പാഠപുസ്തകം പിന്‍വലിക്കുകയോ മാറ്റി പ്രിന്റ് ചെയ്യുകയോ വേണമെന്ന നിലപാടിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.