പോടാ എന്ന് പൊലീസ് വിളിച്ചാല്‍ തിരിച്ചും വിളിക്കണം; അന്ന് പ്രതികരിച്ചത് വരുംവരായ്കകള്‍ നോക്കാതെ: പൊലീസിനെ ചോദ്യം ചെയ്ത ഗൗരി നന്ദ
Kerala News
പോടാ എന്ന് പൊലീസ് വിളിച്ചാല്‍ തിരിച്ചും വിളിക്കണം; അന്ന് പ്രതികരിച്ചത് വരുംവരായ്കകള്‍ നോക്കാതെ: പൊലീസിനെ ചോദ്യം ചെയ്ത ഗൗരി നന്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd August 2021, 10:37 pm

കോഴിക്കോട്: പോടാ എന്ന് പൊലീസ് വിളിച്ചാല്‍ തിരിച്ചും വിളിക്കണമെന്ന് ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട സംഭവം ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാര്‍ഥി ഗൗരി നന്ദ. ഇങ്ങോട്ട് ലഭിക്കുന്ന റെസ്‌പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതിയെന്നും ഗൗരി നന്ദ പറഞ്ഞു.

അന്ന് പൊലീസിനെതിരെ സംസാരിച്ചപ്പോള്‍ വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാന്‍ തോന്നിയിരുന്നില്ലെന്നും ഗൗരി നന്ദ പറഞ്ഞു. മീഡിയാ വണ്‍ ചാനലിലെ ഫസ്റ്റ് ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം.

‘എല്ലാ നിയമങ്ങളും അറഞ്ഞുകൊണ്ടല്ലല്ലോ നമ്മള്‍ പ്രതികരിക്കാന്‍ പോകുന്നത്. എനിക്ക് അവിടെ പ്രതികരിക്കേണ്ട ഒരു സാഹചര്യം കിട്ടി, ഞാന്‍ പ്രതികരിച്ചു. അങ്ങനെ സംസാരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വരും എന്ന് അറിഞ്ഞുകൊണ്ടല്ല പ്രതികരിക്കാന്‍ പോയത്.

പൊലീസ് പോടാ എന്നാ വിളിക്കുമ്പോള്‍ തിരിച്ചും പോടാ എന്ന് തന്നെ വിളിക്കണം. ഇങ്ങോട്ട് ലഭിക്കുന്ന റെസ്‌പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതി.

പൊതുജനങ്ങളോട് മാന്യമായി സംസാരിച്ചില്ലെങ്കില്‍ പ്രശ്‌നമാണെന്ന് പൊലീസ് മനസ്സിലാക്കണം. എന്റെ കാര്യത്തില്‍ ഒരു വീഡയോ ഉണ്ടായത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ജയിലില്‍ പോയി കിടന്നേനെ. തെളിവുണ്ടായിട്ട് പോലും അത് നശിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പൊലീസിന്റെ മേല്‍ എന്തെങ്കിലും ആരോപണമുണ്ടായാല്‍ അന്വേഷണം നടത്തുകയും പൊതുജനത്തിനെതിരെ ഉടനടി നടപടി എടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്,’ ഗൗരി നന്ദ പറഞ്ഞു.

ബാങ്കിന് മുമ്പില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ നിന്നവര്‍ക്ക് പിഴ നല്‍കിയ സംഭവത്തില്‍ ഗൗരി നന്ദ പൊലീസിനെ
ചോദ്യം ചെയ്തത് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

പൊലീസ് നടപടി ചോദ്യം ചെയ്തതോടെ 18കാരിക്കതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Plus Two student Gauri Nanda’s responds against Police