മെഹ്ബൂബയും ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരേ ഹര്‍ജി; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ആവശ്യം
ന്യൂദല്‍ഹി: പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരും അഴ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരേ ഹര്‍ജി. ദല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായ സഞ്ജീവ് കുമാറാണു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
പി.ഡി.പിയെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും മത്സരിക്കുന്നതില്‍ നിന്നു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയോടല്ല, മറ്റെന്തിനോടോ ആണു വിശ്വസ്തതയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരേ ചുമത്തണം. ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു ജനാധിപത്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്- ഹര്‍ജിയില്‍ പറയുന്നു.
മൂന്നു നേതാക്കളുടെയും പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അവരെ വിലക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ തയ്യാറാകണമെന്നും ആവശ്യമുണ്ട്.