national news
'പ്ലാസ്മ തെറാപ്പിയാണ് കൊവിഡില്‍ നിന്നും എന്നെ രക്ഷിച്ചത്'; ചികിത്സാ രീതി നീക്കം ചെയ്യരുതെന്ന് ഐ.സി.എം.ആറിനോട് സത്യേന്ദ്ര ജയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 21, 12:43 pm
Wednesday, 21st October 2020, 6:13 pm

ന്യൂദല്‍ഹി: കൊവിഡ് ചികിത്സ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പി നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്( ഐ.സി.എം.ആര്‍) ആലോചിക്കവേ ചികിത്സാ രീതിയെ പിന്തുണച്ച് ദല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിന്‍.

പ്ലാസ്മ തെറാപ്പിയാണ് കൊവിഡില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചതെന്നും അതിനാല്‍ ചികിത്സാരീതി നീക്കം ചെയ്യരുതെന്നും സത്യേന്ദ്ര ജയിന്‍ ആവശ്യപ്പെട്ടു.

”ഇതിനോടകം രണ്ടായിരത്തിലധികം ആളുകളുടെ ജീവിതം പ്ലാസ്മ തെറാപ്പിയിലൂടെ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.

അതിനാല്‍ ഐ.സി.എം.ആര്‍ കൊവിഡ് ചികിത്സക്കായുള്ള ദേശീയ മാര്‍ഗ രേഖയില്‍ നിന്നും പ്ലാസ്മ തെറാപ്പി നീക്കം ചെയ്യരുത്” സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

കൊവിഡ് ഭേദമായ രോഗിയുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് കൊവിഡ് രോഗിയെ ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി.

ജൂണ്‍ 17നാണ് സത്യേന്ദ്ര ജയിനിന് കൊവിഡ് പോസിറ്റീവാകുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിദഗ്ധ ഡോക്ടര്‍മാര്‍ പ്ലാസ്മ തെറാപ്പി നിര്‍ദേശിച്ചത്.

ഒരു മാസത്തോളം നീണ്ടു നിന്ന ചികിത്സക്കൊടുവില്‍ ജൂലൈ 20നാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ പ്ലാസ്മ തെറാപ്പി കൊവിഡ് മരണനിരക്ക് കുറക്കുന്നതിനോ, രോഗം ഭേദമാക്കുന്നതിനോ ഫലപ്രദമല്ലെന്ന് കണ്ടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കൊവിഡ് ചികിത്സാ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പി നീക്കം ചെയ്യാന്‍ ആലോചിക്കുകയാണെന്ന് ഐ.സി.എം.ആര്‍ അറിയിച്ചത്.

39 ആശുപത്രികളില്‍ 1200 ഓളം രോഗികളിലായാണ് പഠനം നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Plasma therapy saved my life, ICMR shoudn’t remove it-sathyendar jain