കോട്ടയം: വിചാരിക്കാത്ത പലരും തന്റെ പക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. പ്രധാനപ്പെട്ട ധാരാളം ആളുകള്‍ വരുന്നുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് യു.ഡി.എഫ് ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജോസ് കെ മാണി വിഭാഗം നിലപാട് മാറ്റിയാല്‍ എന്തുചെയ്യണമെന്ന കാര്യം യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട് അനുസരിച്ച് അവര്‍ക്ക് യു.ഡി.എഫില്‍ തുടരാന്‍ യോഗ്യതയില്ലെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
‘ജോസ് കെ മാണി വിഭാഗം നിലപാട് മാറ്റിയാല്‍ എന്ത് ചെയ്യണമെന്ന് മുന്നണി യോഗത്തില്‍ തീരുമാനിക്കും. സ്വതന്ത്രരായി നില്‍ക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന നിലപാടാണ് അവര്‍ ആവര്‍ത്തിക്കുന്നത്. അത്തരം നിലപാട് സ്വീകരിച്ചവരോട് എങ്ങനെ സഹകരിക്കാന്‍ കഴിയും?’, പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയുണ്ടായിരുന്നെന്ന് അംഗീകരിക്കുകയും ആ സ്ഥാനം രാജിവെക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പരിഗണിക്കാം എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്. യു.ഡി.എഫ് മുന്നോട്ടുവെച്ച കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ അവര്‍ക്കിനി തുടരാന്‍ കഴിയില്ല. മുതിര്‍ന്ന നേതാക്കളെല്ലാം ഇവിടെയുണ്ട്. പിന്നെയെങ്ങനെയാണ് കേരള കോണ്‍ഗ്രസ് എം എന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.