വിരാടും രോഹിത്തും 2027 ലോകകപ്പ് കളിക്കുമോ? ശക്തമായ പ്രസ്താവനയുമായി ചൗള
Sports News
വിരാടും രോഹിത്തും 2027 ലോകകപ്പ് കളിക്കുമോ? ശക്തമായ പ്രസ്താവനയുമായി ചൗള
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th September 2024, 12:39 pm

ഏറെ കാലത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024ലെ ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പ് കയ്യകലത്ത് നിന്നും നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ നിന്നും ആരാധകരെ ചെറിയ തോതിലെങ്കിലും കരകയറ്റിയത് ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയമായിരുന്നു.

2023 ഏകദിന ലോകകപ്പിന്റെ ഫൈനല്‍ വരെ അപരാജിതരായി കുതിച്ച ശേഷമാണ് ഇന്ത്യക്ക് കലാശപ്പോരാട്ടത്തില്‍ കാലിടറിയത്. ഓസ്‌ട്രേലിയയോടാണ് ഫൈനലില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയത്.

 

2027ല്‍ സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവരാണ് സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2023ല്‍ നഷ്ടപ്പെട്ട ലോകകപ്പ് രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും 2027ല്‍ നേടാന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പിയൂഷ് ചൗള.

ഇരുവരും ലോകകപ്പില്‍ വീണ്ടും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഇവരില്‍ ഒരാളെങ്കിലും ക്രീസിലുണ്ടെങ്കില്‍ അത് ബൗളിങ് ടീമിനെ സമ്മര്‍ദത്തിലാക്കുമെന്നും ചൗള പറഞ്ഞു. ശുഭാംകര്‍ മിശ്രയുടെ പോഡ്കാസ്റ്റിലായിരുന്നു ചൗള ഇക്കാര്യം പറഞ്ഞത്.

‘അവര്‍ ലോകകപ്പ് കീരീടത്തില്‍ നിന്നും ഏറെ ദൂരെയല്ല. അവര്‍ ഒന്നിച്ച് കളിക്കുന്നത് കാണാന്‍ എനിക്കും ഏറെ ആഗ്രഹമുണ്ട്. അവരില്‍ ഒരാളെങ്കിലും ക്രീസിലുണ്ടെങ്കില്‍ ബൗളിങ് ടീം എല്ലായ്‌പ്പോഴും ബാക്ക്ഫൂട്ടിലായിരിക്കും.

2024 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ നേരത്തെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും അവന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ 30 റണ്‍സ് നേടി,’ ചൗള പറഞ്ഞു.

2027ലെ ലോകകപ്പിന് മുമ്പ് മറ്റൊരു പ്രധാന ഐ.സി.സി ഇവന്റ് കൂടി ഇന്ത്യക്ക് മുമ്പിലുണ്ട്. അടുത്ത വര്‍ഷം പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയാണത്. ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ 2026ലെ ടി-20 ലോകകപ്പും ഇന്ത്യക്ക് മുമ്പിലുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഈ ലോകകപ്പിന് വേദിയാകുന്നത്.

 

പക്ഷേ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഈ ബിഗ് ഇവന്റിന്റെ ഭാഗമാകില്ല. എന്നാല്‍ ഈ ലോകകപ്പിനായി ഇരുവരോടും വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

Content Highlight: Piyush Chawla about Virat Kohli and Rohit Sharma playing in 2027 ODI World Cup