തിരുവനന്തപുരം: ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്.
ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം,’ മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയില്‍ എളമരം കരീം എം.പി അടക്കമുള്ള സി.പി.ഐ.എം- കോണ്‍ഗ്രസ്
നേതാക്കള്‍ക്ക് നേരെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്രമപ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാന്‍ നേരിട്ടെത്തിയതായിരുന്നു നേതാക്കള്‍.
എളമരം കരീമിനൊപ്പം സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി സെക്രട്ടറി അജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ബി.ജെ.പി ഗുണ്ടാ രാജാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് സംഭവത്തിന് ശേഷം എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.