'കേന്ദ്രബജറ്റില്‍ സാധാരണക്കാര്‍ക്കുവേണ്ടി എന്താ ഉള്ളത്?; ജി.എസ്.ടി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു': പിണറായി വിജയന്‍
Kerala News
'കേന്ദ്രബജറ്റില്‍ സാധാരണക്കാര്‍ക്കുവേണ്ടി എന്താ ഉള്ളത്?; ജി.എസ്.ടി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു': പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2018, 7:29 am

തിരുവനന്തപുരം: രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കുസേവന നികുതിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി എന്ന പേരില്‍ നടപ്പാക്കിയ നികുതി സംവിധാനം പൂര്‍ണ്ണ പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. കൂടാതെ കടുത്ത സാമ്പത്തിക അരാജകത്വം രാജ്യത്ത് നിലനില്‍ക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന പേരിലാണ് പുതിയ നികുതി സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വാഗ്ദാനം ചെയ്തതുപോലെ സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം സാമ്പത്തിക നിരക്ക് താഴോട്ടായെന്നും പിണറായി ചൂണ്ടിക്കാട്ടി.

സി.പി.ഐ.എം ജില്ലാസമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചത്. തൊഴിലാളികള്‍ക്ക് ആവശ്യമായതൊന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ഇല്ല.

ചരക്ക് സേവന നികുതി സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ലെന്നും അത് അവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തില്‍ പുനക്രമീകരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ നേരത്തേ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.