തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
Kerala News
തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 9:31 am

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി പറഞ്ഞു. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

അര്‍ദ്ധരാത്രിയോടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.

വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.