തിരുവനന്തപുരം: ആര്‍.എസ്.പിയും എസ്.ജെ.ഡിയും യു.ഡി.എഫ് വിട്ട് തിരിച്ചുവരണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എം സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഏന്ത് നിലപാടെടുക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.
“ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു, ഞങ്ങളിപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണ്. യു.ഡി.എഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ യു.ഡി.എഫിന്റെ ഭാഗമാണ്. യു.ഡി.എഫിനെ ബാധിച്ച ജീര്‍ണത പൊതുവെ ബാധിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഇത്. ആരും ഇതില്‍ ഒഴിവല്ല. ഇവിടെ യു.ഡി.എഫ് സര്‍ക്കാരിനോടുള്ള സമീപനം ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഏതെങ്കിലും തരത്തിലുള്ള പാര്‍ലമെന്ററി ഉപചാപത്തിലൂടെ ഗവര്‍ണമൈനെ അട്ടിമറക്കുക, പകരം ഒരു സര്‍ക്കാര്‍ രൂപീകരിക്കുക. ഇങ്ങനെയൊരു നിലപാട് ഞങ്ങള്‍ക്കില്ല.
ജ്ഞാനപ്പാനയിലോ മറ്റോ പറഞ്ഞല്ലോ, “എണ്ണിയെണ്ണി കുറയുന്നതായുസും മണ്ടിമണ്ടി കരയുന്ന മോഹവും” അങ്ങനെ മോഹം മണ്ടിമണ്ടി കരയുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്. അത് വ്യക്തമാക്കാന്‍ ഞാനുദ്ദേശിക്കുകയാണ്.”
സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം
സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ അഭിപ്രായത്തെയും പിണറായി തള്ളി. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കേണ്ടതെന്നാണ് പാര്‍ട്ടി നിലപാടെന്നാണ് അദ്ദേഹം പറഞ്ഞത്.
“അന്വേഷണത്തെക്കുറിച്ച് പറയുമ്പോള്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമായതാവണം അന്വേഷണം. വിജിലന്‍സ് അന്വേഷണം ഏറ്റവും അപഹാസ്യമായ ഒന്നാണ്. ആരോടും ചോദിച്ചാലും അന്വേഷണ ഫലം എന്താണെന്ന് ഇപ്പോള്‍ തന്നെ പറഞ്ഞുതരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒട്ടേറെ വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ്. ഇതിന്റെ ഫലങ്ങളില്‍ നിന്നെല്ലാം രാഷ്ട്രീയസമ്മര്‍ദ്ദം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. വിജിലന്‍സിനെ അപഹാസ്യമായ ഒന്നായി ഈ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്.”
“സംസ്ഥാന സെക്രട്ടറിയേറ്റിന് സി.ബി.ഐ അന്വേഷിക്കുന്നതിനോടും യോജിപ്പില്ല. സി.ബി.ഐയെക്കുറിച്ചാണ് സുപ്രീം കോടതി തന്നെ കൂട്ടിലടച്ച തത്തയെന്ന് പറഞ്ഞത്. സി.ബി.ഐയും കേരളത്തിലെ വിജിലന്‍സും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് അന്വേഷണം അട്ടിമറിക്കാനിടയുണ്ട്. ഇതല്ലാത്ത ഒരു അന്വേഷണ സംവിധാനമാണ് വേണ്ടത്. പിന്നെ സമൂഹം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യം ജുഡീഷ്യല്‍ അന്വേഷണമാണ്. സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിലിടുകയെന്ന രീതിയാണ് നിലവിലുള്ളത്. ഇത് അനാവശ്യമായ കാലതാമസമുണ്ടാക്കും. ഇതിനോടും ഞങ്ങള്‍ക്ക് യോജിപ്പില്ല.”
“ഞങ്ങള്‍ കാണുന്നത് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തരത്തിലുള്ളതല്ല. നല്ല നിലക്ക് പ്രവര്‍ത്തിക്കുന്ന, സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ സംഘം അന്വേഷിക്കണം. ആ അന്വേഷണം നടക്കേണ്ടത് കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം. ഇതാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.”
കെ.എം മാണി രാജിവെക്കണം:
കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എം മാണി മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പിണറായി പറഞ്ഞു. കേസില്‍ മാണിക്ക് മാത്രമല്ല പങ്കുള്ളത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയാതെ ഒരു കോഴയും ഇതിനകത്ത് നടക്കില്ല. ഇവര്‍ക്ക് പുറമേ മന്ത്രിമാരല്ലാത്തവര്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.