Advertisement
World News
ഗസയിലെ വിദ്യാഭ്യാസ സംവിധാനത്തെ ഇസ്രഈല്‍ തകര്‍ത്തെറിഞ്ഞു: മലാല യൂസഫ്‌സായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 13, 04:32 am
Monday, 13th January 2025, 10:02 am

ഇസ്‌ലാമാബാദ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ, അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് താന്‍ ഇനിയും തുടരുമെന്ന് പറഞ്ഞ മലാല മതത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്ന താലിബാന്റെ നടപടികള്‍ അനിസ്‌ലാമികമാണെന്നും കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിം രാഷ്ട്രങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ പാക്കിസ്ഥാനില്‍ വെച്ച് നടന്ന ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മലാല.

‘അവര്‍ എല്ലാ സര്‍വകലാശാലകളിലും ബോംബെറിഞ്ഞു. 90 ശതമാനത്തിലധികം സ്‌കൂളുകള്‍ നശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടങ്ങളില്‍ അഭയം പ്രാപിച്ച സാധാരണക്കാരെ ആക്രമിച്ചു. ഗസയിലെ മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഇസ്രഈല്‍ തകര്‍ത്തു,’ മലാല പറഞ്ഞു.

ഗസയിലെ കുട്ടികള്‍ക്ക് അവരുടെ ജീവിതവും വിദ്യാഭ്യാസവും നഷ്ടമായെന്നും ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടികള്‍ക്ക് പിന്നീട് എങ്ങനെ പഠിക്കാനാകുമെന്നും മലാല ചോദിച്ചു.

ഇസ്രഈലിന് പുറമെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തേയും മലാല രൂക്ഷമായി വമര്‍ശിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ താലിബാന്‍ മനുഷ്യരായി കാണുന്നില്ലെന്ന് പറഞ്ഞ മലാല പെണ്‍കുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തില്‍ നിന്നും ജോലിയില്‍ നിന്നും തടയുന്ന താലിബാന്റെ നയങ്ങള്‍ ഇസ്‌ലാം മതാചാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കി.

‘അവ്യക്തമായ നിയമങ്ങള്‍ ലംഘിക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും തല്ലിയും തടങ്കലില്‍ വെച്ചും ഉപദ്രവിച്ചും താലിബാന്‍ ശിക്ഷിക്കുകയാണ്. സാംസ്‌കാരികവും മതപരവുമായ ന്യായീകരണങ്ങള്‍ പറഞ്ഞ് അവരുടെ കുറ്റകൃത്യങ്ങളെ മറയ്ക്കാനാണവര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസം നിലകൊള്ളുന്ന എല്ലാത്തിനും എതിരാണ് അവര്‍ ചെയ്യുന്ന കാര്യങ്ങള്‍,’ മലാല പറഞ്ഞു.

ആറാം ക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമായും നിരോധിച്ചിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും മലാല പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന മലാലയെ 15ാം വയസില്‍ പാകിസ്ഥാനില്‍ വെച്ച് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

ഉച്ചകോടിയുടെ പ്രതിനിധികള്‍ താലിബാനേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിട്ടില്ല. അതേസമയം പാഠ്യപദ്ധതി ‘ഇസ്‌ലാമികം’ ആണെന്ന് ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടികളെ വീണ്ടും സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്നാണ് താലിബാന്‍ ആവര്‍ത്തിച്ച് പറയുന്നത്.

എന്നാല് അതിതുവരെ നടപ്പിലായിട്ടില്ല. കഴിഞ്ഞമാസം സ്ത്രീകള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlight: Israel destroyed Gaza’s education system says Malala Yousafzai