തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം സുധാകരന്റെ അഭിമുഖത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഒരുദിവസം കാലത്ത് എന്റെ വീട്ടില്‍ അടുത്തൊരു സുഹൃത്ത് വരികയാണ്. അദ്ദേഹം സുധാകരന്റെയൊരു ഫൈനാന്‍സിയര്‍ കൂടിയായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ വന്നതില്‍ നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാകും. എന്നാല്‍ പറയാന്‍ വന്ന കാര്യം വളരെ രഹസ്യമായിട്ട് പറയേണ്ടതാണെന്ന് പറഞ്ഞു.
അപ്പോള്‍ പറയുകയാണ് നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സുധാകരന്‍ ഞങ്ങളുടെ സുഹൃത്തൊക്കെ തന്നെയാണ്. പക്ഷെ അദ്ദേഹം ഒരു പ്ലാനുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനുണ്ട്. ഞാന്‍ സുധാകരനോട് പറഞ്ഞിട്ടുണ്ട്. ഇത് പഞ്ചാബൊന്നുമല്ല കേട്ടോ വേണ്ടാത്ത കാര്യത്തിന് ഒരുങ്ങരുത് എന്ന്.
അങ്ങനെ വന്നാലിവിടെ കത്തും. വേണ്ടാത്തൊരു പണിയും ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവന്റെയൊരു രീതിവെച്ച് വിശ്വാസം വരുന്നില്ല. അതുകൊണ്ടാണ് നിങ്ങളെ അറിയിക്കുന്നത്.
നിങ്ങളാലോചിക്കണം എനിക്കെന്റെ ഭാര്യയോട് പറയാന്‍ പറ്റുവോ. പിന്നെ മനസമാധാനമുണ്ടാകുമോ. രണ്ട് കുഞ്ഞുങ്ങളെയും പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. തലശ്ശേരി സെന്റ് ജോസഫില്‍ മകന്‍ പോകുന്നു. മകള്‍ അവിടത്തെ കോണ്‍വെന്റില്‍ പോകുന്നു. സെന്റ് ജോസഫില്‍ ഭാര്യ പഠിപ്പിക്കുന്നു.
ഇതെല്ലാം കടന്ന് വന്നിട്ടുള്ളതാണ്. മോഹങ്ങള്‍ പലതുമുണ്ടായിട്ടുണ്ടാകാം. ആ മോഹങ്ങള്‍കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ലെന്നുള്ളത് ഇതുവരെയുള്ള സുധാകരന്റെ അനുഭവം കൊണ്ട് അറിയുന്നതാണ്.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.