തിരുവനന്തപുരം: ശബരിമല വിധിയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്‌ലീം ലീഗ് നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്, അയോധ്യയില്‍ രാമക്ഷേത്രമാണ് സംരക്ഷിക്കേണ്ടതെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം വിശ്വാസികളുടെ കൂടെ നില്‍ക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോള്‍ ഒരു വാദഗതി ഉയര്‍ന്നിട്ടുണ്ട്. ആ വാദഗതി കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. എല്ലാത്തിലുമുപരി വിശ്വാസമാണ് പ്രധാനം ഭരണഘടനാ മൂല്യങ്ങളല്ല, നിയമങ്ങളല്ല എന്നതാണ് അത്. ഈ വാദത്തോടൊപ്പം നില്‍ക്കുന്നവര്‍ അതിന്റെ ആപത്ത് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? മുസ്‌ലിം ലീഗും മറ്റും ഇതിനെ ആവേശപൂര്‍വം സ്വീകരിക്കുന്നതായാണ് വാര്‍ത്തകള്‍ കാണുന്നത്. ഈ വാദം ഒന്നങ്ങ് നീട്ടിക്കൊടുക്ക്. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ എവിടെയെത്തും. വിശ്വാസമാണ് പ്രധാനമെങ്കില്‍ രാമക്ഷേത്രമാണ് അതെന്ന വിശ്വാസത്തിന്റെ കൂടെയല്ലേ നില്‍ക്കേണ്ടത്. ആര്‍.എസ്.എസ് അവിടെയാണ് ബി.ജെ.പി അവിടെയാണ് കോണ്‍ഗ്രസ് നല്ലതുപോലെ അവിടെ നിന്നതാണ് എന്നെല്ലാവര്‍ക്കും അറിയാം.”
കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ മതവിശ്വാസികളടക്കമുള്ളവര്‍ രംഗത്തെത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നമ്മുടെ നാട്ടിലെ ഒരു ബാബറി മസ്ജിദിന്റെ മേല്‍ മാത്രമല്ല സംഘപരിവാറിന്റെ അവകാശവാദം. ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങളുടെ മേല്‍ അവരുടെ അവകാശവാദമുണ്ട്. എല്ലാം വിശ്വാസത്തില്‍ അധിഷ്ഠിതമാണെങ്കില്‍ എന്താണ് നാളത്തെ ഭാവിയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒരു വിഭാഗം വിശ്വാസികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
WATCH THIS VIDEO: