'മൃതദേഹങ്ങള്‍ കൂമ്പാരമായി ട്രാക്ടറില്‍ കൊണ്ടു പോകുന്നു, ഏറ്റവും ഭീകരമായ കാഴ്ച'; ദാദ്രി വിമാനാപകടത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മലയാളി ഫോട്ടോഗ്രാഫര്‍
Kerala News
'മൃതദേഹങ്ങള്‍ കൂമ്പാരമായി ട്രാക്ടറില്‍ കൊണ്ടു പോകുന്നു, ഏറ്റവും ഭീകരമായ കാഴ്ച'; ദാദ്രി വിമാനാപകടത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മലയാളി ഫോട്ടോഗ്രാഫര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 4:30 pm

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ 1996ല്‍ രാജ്യത്തെ നടുക്കിയ ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലുണ്ടായ വിമാനാപകടത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കൊണ്ട് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി. മുസ്തഫയുടെ ഓര്‍മകുറിപ്പ് ശ്രദ്ധേയമാകുകയാണ്.

രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ദാദ്രിയിലെ വിമാനാപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. ദല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും കസാഖിസ്ഥാനില്‍ നിന്ന് 39 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് വരുന്ന വിമാനവും തമ്മില്‍ കൂട്ടിയിടിച്ചാണ് അന്ന് അപകടം നടന്നത്.

ആ ദുരന്തത്തില്‍ അന്ന് ജീവന്‍ നഷ്ടപ്പെട്ടത് 15 മലയാളികളുള്‍പ്പെടെ 351 പേര്‍ക്കാണ്.

ഒന്നിനുമുകളില്‍ ഒന്നായി ട്രാക്ടറുകളില്‍ കയറ്റി കൊണ്ട് പോയിരുന്ന ദുരന്ത ദിനത്തിന്റെ നടുക്കുന്ന ഓര്‍മകളാണ് ഫോട്ടോഗ്രാഫര്‍ മുസ്തഫ പങ്കുവെച്ചിരിക്കുന്നത്.

‘ഇരുട്ടില്‍ വിമാനത്തിന്റെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകള്‍ എടുത്തത് ഒരു ടോര്‍ച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി. മൊബൈല്‍ ഫോണ്‍ ഇല്ലാത്തകാലം. എന്നാലും ഇരുട്ടില്‍ കിട്ടാവുന്നതെല്ലാം എടുത്തു . വാര്‍ത്ത അന്ന് രാത്രി മനോരമക്ക് അയച്ചു .ഫോട്ടോ ട്രാന്‍സ് മിറ്റര്‍ കൊണ്ടുപോയിരുന്നു പടം അയക്കാന്‍ പറ്റിയില്ല . രാത്രിയില്‍ ബോഡികള്‍ കൊണ്ടുപോയ ആശുപത്രിയില്‍ പോയി . ട്രാക്റ്ററില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത് പലതിനും വസ്ത്രങ്ങള്‍ ഇല്ലായിരുന്നു,’ മുസ്തഫ കുറിച്ചു.

ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മൃതദേഹത്തോട് കാണിച്ച അനാദരവും മറ്റും ഓര്‍ക്കുമ്പോള്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് നാട്ടുകാര്‍ ഓടികൂടി രക്ഷാ പ്രവര്‍ത്തനം നടത്തുന്നതും രക്തം നല്‍കാന്‍ ക്യൂ നില്‍ക്കുന്നതിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 

ഫേസ്‌കുറിപ്പിന്റെ പൂര്‍ണരൂപം

മൃതദേഹം ഒന്നിനു മുകളില്‍ ഒന്നായി … ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം. ഹരിയാനയിലെ ചാര്‍ഖി ദാദ്രിയില്‍ ഡല്‍ഹിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ. ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും , കസാഖിസ്ഥാനില്‍ നിന്ന് 39 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് വരുന്ന വിമാനവും തമ്മില്‍ ചാര്‍ഖി ദാദ്രി ഗ്രാമത്തിനു മുകളില്‍ വെച്ച് കൂട്ടിയിടിച്ചു 351 പേര് മരിച്ചു .

മരിച്ചവരില്‍ 15 മലയാളികളും . വൈകിയിട്ട് 6.40 നാണ് സംഭവം നടന്നത്. നവംബര്‍.12.1996ല്‍. ഞാനും റിപ്പോട്ടര്‍ എന്‍ .വി . മോഹനനും രണ്ട് മണിക്കൂര്‍ എടുത്തു സംഭവ സ്ഥലത്തെത്താന്‍ .നമുക്ക് മുന്‍പേ റോയിട്ടേഴ്സ് ഏജന്‍സി മാത്രമാണ് എത്തിയത്.

ഇരുട്ടില്‍ വിമാനത്തിന്റെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകള്‍ എടുത്തത്ത് ഒരു ടോര്‍ച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി. മൊബൈല്‍ ഫോണ്‍ ഇല്ലാത്തകാലം . എന്നാലും ഇരുട്ടില്‍ കിട്ടാവുന്നതെല്ലാം എടുത്തു. വാര്‍ത്ത അന്ന് രാത്രി മനോരമക്ക് അയച്ചു .ഫോട്ടോ ട്രാന്‍സ് മിറ്റര്‍ കൊണ്ടുപോയിരുന്നു പടം അയക്കാന്‍ പറ്റിയില്ല. രാത്രിയില്‍ ബോഡികള്‍ കൊണ്ടുപോയ ആശുപത്രിയില്‍ പോയി . ട്രാക്റ്ററില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത് പലതിനും വസ്ത്രങ്ങള്‍ ഇല്ലായിരുന്നു.

ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ച്ചയായി ഇന്നും ഓര്‍ക്കുന്നു . അന്ന് ഞങള്‍ രണ്ട് മണിക്കൂര്‍ കാറില്‍ ഉറങ്ങികാണും . പുലര്‍ച്ച വീണ്ടും സംഭവ സ്ഥലത്തേക്ക് പോയി. മൃതദേഹത്തോട് ഒരുബഹുമാനവും കാണിച്ചില്ല രാവിലെയും വാഹനങ്ങളില്‍ അട്ടിയിട്ടാണ് കൊണ്ടുപോയത്.

ഇനി ഇങ്ങിനെ ഒരു ഫോട്ടോ എന്തുകൊണ്ട് ഇട്ടു എന്ന് ചോദിച്ചാല്‍ നമ്മുടെ നാടിന്റെ നന്മ എന്താണെന്ന് മനസിലാക്കാന്‍ വേണ്ടിയാണ് .വെള്ളപ്പൊക്കത്തിനും, ഉരുള്‍പൊട്ടലിന്നും,ഏതൊരു അപകടതിനും നമ്മുടെ യുവാക്കള്‍ സഹായത്തിനായി മുന്പന്തിയിലുണ്ട് ആരും പ്രതിഫലം വാങ്ങിയിട്ടല്ല . കടലുണ്ടി ട്രെയിന്‍ അപകടം ഫോട്ടോയെടുക്കാന്‍ പോയിരുന്നു അന്നും നാട്ടുകാരാണ് ആദ്യം മുന്നിട്ടിറങ്ങിയത് .എനി ഇന്നലത്തെ വിമാനാപകടം ഒന്നര മണിക്കൂറിനുള്ളില്‍ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് ഈ കൊറോണ കാലത്ത് മഴകൊണ്ട് 190 പേരെ രക്ഷാപ്രവര്‍ത്തനം നടത്തി രക്തം വേണമെന്ന് പറഞ്ഞപ്പോള്‍ എത്ര പേരാണ് ക്യുവില്‍ സല്യൂട്ട് കേരള .

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക