ന്യൂദൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
വലിയ വിമർശനങ്ങൾ ഉയർന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ച് ഹൈക്കോടതിയുടെ വീക്ഷണത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.
‘അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം അസഹിഷ്ണുതയുണ്ടാക്കുന്നതും നിലനിൽക്കാത്തതുമാണ്. അതിനാൽ ഈ ഉത്തരവ് ഞങ്ങൾ സ്റ്റേ ചെയ്യുന്നു,’ സുപ്രീം കോടതി പറഞ്ഞു.
സംഭവത്തിൽ ഇന്ത്യൻ യൂണിയനും, ഉത്തർപ്രദേശ് സർക്കാരിനും, ഹൈക്കോടതിക്ക് മുമ്പാകെയുള്ള കക്ഷികൾക്കും ബെഞ്ച് നോട്ടീസ് അയച്ചു. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ഇന്ന് ഹാജരാവുകയും ഹൈക്കോടതി വിധിയെ അപലപിക്കുകയും ചെയ്തു. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
2025 മാർച്ച് 17നായിരുന്നു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.
Content Highlight: Supreme Court stays Allahabad High Court’s controversial observation