മനില: ഫിലിപൈൻസിൽ നാല് സൈനിക ബേസ് കൂടി തുറക്കാൻ അമേരിക്കൻ സൈന്യത്തിന് അനുവാദം നൽകി ഫിലിപൈൻസ് പ്രസിഡന്റ്. ഫെർഡിനാന്റ് മാർക്കോസ് ജൂനിയറാണ് സൈനിക സഹകരണ, പ്രതിരോധ സഹകരണ കരാറുകൾ പ്രകാരം അമേരിക്കൻ സൈന്യത്തിന് നാല് അധിക മിലിട്ടറി ബേസുകൾ ആരംഭിക്കാൻ അനുവാദം നൽകിയത്.
2014ൽ സ്ഥാപിതമായ എൻഹാൻസ്ഡ് ഡിഫൻസ് കോപ്പറേഷൻ എഗ്രിമെന്റ് (ഇ.ഡി. സി.എ) പ്രകാരം നിലവിലുണ്ടായിരുന്ന അഞ്ച് സൈനിക ക്യാമ്പുകൾക്ക് പുറമേയാണ് ഫെബ്രുവരിയിൽ അമേരിക്കൻ സൈന്യത്തിന് പുതിയ ക്യാമ്പുകൾ തുടങ്ങാൻ ഫിലിപൈൻസ് സർക്കാർ അനുവാദം നൽകിയത്.
എന്നാൽ തിങ്കളാഴ്ചക്ക് ശേഷം മാത്രമേ അമേരിക്കൻ സൈന്യത്തിന് ക്യാമ്പുകൾ ഉപയോഗിക്കാൻ ഫിലിപൈൻസ് സർക്കാർ അനുവാദം നൽകൂ എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഫിലിപൈൻസിന്റെ പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം ഇസബെല, കാഗയാൻ, തായ്വാന് സമീപമുള്ള ലുസൺ ദ്വീപ്, ദക്ഷിണ ചൈനാ കടലിന് സമീപത്തുള്ള പലവാൻ മുതലായ പ്രവിശ്യകളിലാണ് അമേരിക്കൻ സൈന്യത്തിന് ബേസ് ക്യാമ്പുകൾ ആരംഭിക്കാനുള്ള അനുവാദമുള്ളത്.
“ഉചിതവും ഇരു വിഭാഗത്തിനും ഉപകാരപ്രദവുമായ പദ്ധതി” എന്നാണ് ക്യാമ്പ് നിർമാണത്തെക്കുറിച്ച് ഫിലിപൈൻ സൈന്യം പ്രസ്താവനയിറക്കിയിരിക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളിലും ദുരന്ത ബാധിത സമയത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും സൈനിക ക്യാമ്പ് ഉപയോഗിക്കാമെന്നും ഫിലിപൈൻ സൈന്യം അറിയിച്ചിട്ടുണ്ട്.
ദക്ഷിണ ചൈനാ കടലിലും തായ് വാന് മേലിലും ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങളെയും പ്രസ്തുത പ്രവിശ്യകളിലെ ചൈനയുടെ ഇടപെടലുകളെയും ഫിലിപൈൻസ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വാണിജ്യ പ്രധാനമുള്ള ഈ റൂട്ടിൽ ചൈനയുടെ അമിതമായ ഇടപെടൽ മേഖലയിലെ മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്ന വാദങ്ങളുമുണ്ട്.
പ്രവിശ്യയിലെ ചൈനയുടെ സാന്നിധ്യത്തെയും ഇടപെടലുകളെയും കുറക്കാനാണ് അമേരിക്കൻ സൈന്യത്തിന് കൂടുതൽ ബേസ് ക്യാമ്പുകൾ തുറന്ന് നൽകാൻ ഫിലിപൈൻസ് അനുവാദം നൽകിയത്.