ലോകകപ്പിലെ നാണക്കേടിന് പിന്നാലെ അടുത്ത തിരിച്ചടി; വെസ്റ്റ് ഇന്‍ഡീസിന് കണ്ണുനീര്‍ തോരുന്നില്ല
Sports News
ലോകകപ്പിലെ നാണക്കേടിന് പിന്നാലെ അടുത്ത തിരിച്ചടി; വെസ്റ്റ് ഇന്‍ഡീസിന് കണ്ണുനീര്‍ തോരുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th October 2022, 4:20 pm

ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ പ്രവേശിക്കാതെ പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് അടുത്ത തിരിച്ചടി. ടീമിന്റെ മുഖ്യ പരിശീലകനായ ഫില്‍ സിമ്മണ്‍സ് രാജി പ്രഖ്യാപിച്ചു. ടി-20 ലോകകപ്പില്‍ വിന്‍ഡീസിന്റെ ഏര്‍ലി എലിമിനേഷന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം സിമ്മണ്‍സ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങും. നവംബര്‍ 30ന് ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഫില്‍ പരിശീലക സ്ഥാനം ഒഴിയും എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ലോകകപ്പില്‍ ടീമിന്റെ തോല്‍വിയെ ഏറെ സങ്കടകരവും ഹൃദയ ഭേദകവും എന്നാണ് വിശേഷിപ്പിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഇറങ്ങുന്ന കാര്യം അല്‍പനാളുകളായി ചിന്തിക്കുകയായിരുന്നുവെന്നും അത് പ്രാവര്‍ത്തികമാക്കാനുള്ള സമയമായെന്നും സിമ്മണ്‍സ് പറയുന്നു.

‘ഇത് പെട്ടെന്ന് ഒരു ദിവസം കൈക്കൊണ്ട തീരുമാനമല്ല, കുറച്ചു നാളുകളായി ഞാന്‍ പരിഗണിക്കുന്ന ഒരു തീരുമാനമാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം ഞാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിയുമെന്ന് പരസ്യമാക്കാനുള്ള സമയാണിത്.

ഇത് ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ നേരത്തെയാണ്. എന്നാല്‍ ടെസ്റ്റ് ടീം ഇതുവരെ നേടിയ പുരോഗതി ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലും തുടരും എന്നുറപ്പാക്കാനാണ് ഇനി ഞാന്‍ ശ്രമിക്കുന്നത്,’ സിമ്മണ്‍സ് പറഞ്ഞു.

സീനിയര്‍ താരങ്ങളും കോച്ചുമായുള്ള പടലപ്പിണക്കം കാരണം ഫില്‍ സിമ്മണ്‍സ് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സൂപ്പര്‍ താരങ്ങള്‍ ദേശീയ ടീമിന് വേണ്ടി കളിക്കാതെ ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിമ്മണ്‍സ് ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ അടക്കമുള്ള താരങ്ങളെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

2022 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നില്‍ രണ്ടിലും വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെട്ട് വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും മൂന്നാം മത്സരത്തില്‍ അയല്‍ലാന്‍ഡിനോട് തോറ്റതോടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ പരാജയപ്പെട്ട ഒരു പരിശീലകനായല്ല സിമ്മണ്‍സ് കളമൊഴിയുന്നത്. ടെസ്റ്റ് ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തെടുക്കുകയും എല്ലാത്തിലുമുപരി 2016ല്‍ വിന്‍ഡീസിനെ രണ്ടാമതും ടി-20 ലോകകിരീടം ചൂടിക്കുകയും ചെയ്ത പരിശീലകനായിരുന്നു അദ്ദേഹം.

കരിയര്‍ ഗ്രാഫ് കീഴോട്ട് കുതിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പതനത്തിന് ആക്കം കൂട്ടുന്നതാണ് സിമ്മണ്‍സിന്റെ പടിയിറക്കം എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

 

Content highlight: Phil Simmons step down as the Head Coach of West Indies team