ഇങ്ങനെയൊരു അടി ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഇംഗ്ലണ്ട് താരം ഇടിമിന്നലായപ്പോൾ പിറന്നത് ലോകറെക്കോഡ്
Cricket
ഇങ്ങനെയൊരു അടി ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഇംഗ്ലണ്ട് താരം ഇടിമിന്നലായപ്പോൾ പിറന്നത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 8:01 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ആദില്‍ റഷീദ് നാല് ഓവറില്‍ 11 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ മിന്നും പ്രകടനം നടത്തി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ട് ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു. നേരിട്ട ആദ്യ രണ്ട് പന്തുകള്‍ തന്നെ സിക്‌സര്‍ പറത്തുകയായിരുന്നു സാള്‍ട്ട്. മൂന്ന് പന്തില്‍ 12 റണ്‍സ് നേടിക്കൊണ്ടായിരുന്ന താരം പുറത്തായത്. ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടമാണ് സാള്‍ട്ട് സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു മത്സരത്തിന്റെ ആദ്യ രണ്ടു പന്തുകളും സിക്‌സുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനാണ് സാള്‍ട്ടിന് സാധിച്ചത്.

സാള്‍ട്ടിനു പുറമേ നായകന്‍ ജോസ് പട്‌ലര്‍ 8 പന്തില്‍ പുറത്താവാതെ 24 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായ പങ്കു വഹിച്ചു. 300 സ്‌ട്രൈക്ക് റേറ്റില്‍ നാല് ഫോറുകളും ഒരു സിക്‌സുമാണ് ഇംഗ്ലണ്ട് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ വമ്പന്‍ വിജയത്തോടെ നെറ്റ് റണ്‍ റേറ്റ് +3.081 ആക്കി ഉയര്‍ത്തികൊണ്ട് മൂന്നാം സ്ഥാനത്തെത്താനും ഇംഗ്ലീഷ് പടക്ക് സാധിച്ചു. മറുഭാഗത്ത് നാലു മത്സരങ്ങളും പരാജയപ്പെട്ടു പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഒമാന്‍.

ജൂണ്‍ 14ന് നമിബിയെക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഒമാന്‍ സ്‌കോട്‌ലാന്‍ഡിനെയും നേരിടും.

Content Highlight: Phil Salt create a new record in Cricket