പെട്രോളിന്റെ വില ഞങ്ങള്‍ 200 ആക്കും, പറ്റാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോടാ; ഒ.ടി.ടി റിലീസിന് പിന്നാലെ ചിരിയുണര്‍ത്തി ആല്‍പ്പറമ്പില്‍ ഗോപി
Movie Day
പെട്രോളിന്റെ വില ഞങ്ങള്‍ 200 ആക്കും, പറ്റാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോടാ; ഒ.ടി.ടി റിലീസിന് പിന്നാലെ ചിരിയുണര്‍ത്തി ആല്‍പ്പറമ്പില്‍ ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 12:27 pm

നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പല ലെയറുകളിലായി ചര്‍ച്ച ചെയ്യുന്ന സിനിമ പ്രത്യക്ഷമായും പരോക്ഷമായും ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്നുണ്ട്.

ചിത്രത്തില്‍ പല സീനുകളിലും കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനം കാണാം. വിലക്കയറ്റം, പെട്രോള്‍ വില, തൊഴിലില്ലായ്മ, സ്വച്ഛ് ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ, ജി.ഡി.പി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളേയും അതിലുണ്ടായ പാളിച്ചകളേയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയുമെല്ലാം ചിത്രം കണക്കിന് പരിഹസിക്കുന്നുണ്ട്.

ആല്‍പ്പറമ്പില്‍ ഗോപിയെന്ന നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സിനിമയിലെ ഇന്‍ട്രോ സീന്‍ തന്നെ ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളുമായുള്ള ഒരു അടിപിടിയിലാണ്. പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാക്കി ബസില്‍ നിന്നും ഗോപിയെ വിദ്യാര്‍ത്ഥികള്‍ ഇറക്കി വിടുന്നുണ്ട്. കടുത്ത വലതുപക്ഷക്കാരനാണ് ഗോപിയെന്ന് ആദ്യത്തെ ഡയലോഗിലൂടെ തന്നെ പ്രേക്ഷകന് മനസിലാക്കിത്തരുന്നുണ്ട് സംവിധായകന്‍.

പെട്രോളിന്റെ വില ഞങ്ങള്‍ ഇനിയും കൂട്ടുമെന്നും നൂറ് രൂപ ഇരുന്നൂറാക്കുമെന്നും ആരുണ്ടെടാ ചോദിക്കാന്‍ എന്നുമാണ് ബസില്‍ നിന്നും ഇറക്കിവിട്ട ഗോപി കുട്ടികളോട് ചോദിക്കുന്നത്. മാത്രമല്ല ഇതൊന്നും പറ്റില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോ എന്നുമാണ് ഗോപി ആക്രോശിക്കുന്നത്.

വിമര്‍ശിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്ന സംഘപരിവാര്‍ രീതിയെയാണ് ഈ രംഗത്തിലൂടെ സംവിധായകന്‍ വിമര്‍ശിക്കുന്നത്.

പൗരത്വ പ്രക്ഷോഭ സമയത്തായിരുന്നു പാക്കിസ്ഥാനിലേക്ക് പോ എന്ന ആക്രോശം രാജ്യത്ത് രൂക്ഷമായത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു തീവ്രവലതുപക്ഷക്കാരുടെ ആവശ്യം.

അതിവൈകാരിതക നിറഞ്ഞ ദേശീയ വാദം ഉയര്‍ത്തുന്ന, തങ്ങള്‍ ചിന്തിക്കുന്നതും പറയുന്നതും മാത്രമാണ് ശരിയെന്ന് ധരിക്കുന്ന, മറ്റു മതസ്ഥരെ ശത്രുപക്ഷത്ത് കാണുന്ന ജാതിയുടെയും മതത്തിന്റേയും തൊലിയുടെ നിറത്തിന്റേയും പേരില്‍ അവരെ ആക്രമിക്കുന്ന തീവ്ര ഹിന്ദുത്വയുടെ മുഖത്തെ ചിത്രത്തില്‍ പലയിടത്തായി വരച്ചിടുന്നുണ്ട് സംവിധായകന്‍.

മുല്ലക്കര നിവാസികളുടെ കഥയാണ് ചിത്രം പറയുന്നത്. കേരള നിയസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. വീടിനും നാടിനും പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത കടുത്ത വലതുപക്ഷക്കാരനായ ആല്‍പ്പറമ്പില്‍ ഗോപിയെ ചിത്രത്തില്‍ നിവിന്‍ ഗംഭീരമാക്കിയിട്ടുണ്ട്.

കുരുത്തംകെട്ടവനാണെന്നും അവന്‍ പിടിതരില്ലെന്നും വലിയ പ്രശ്‌നങ്ങള്‍ അവനെ കാത്തിരിക്കുമെന്നും അവന്‍ അതിലേക്ക് തന്നെ നടന്നടുക്കുമെന്നും ചിത്രത്തില്‍ മുത്തപ്പന്റെ കഥാപാത്രം പറയുന്നുണ്ട്. അത്തരത്തില്‍ പ്രശ്‌നങ്ങളിലേക്ക് സ്വയം നടന്നടുക്കുന്ന ഗോപിയുടെ കഥയാണ് മലയാളി ഫ്രം ഇന്ത്യ.

Content Highlight: Petrol Price Hike  Malayalee From India Dialogue  and Nivin pauly