Kerala
കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 05, 06:44 am
Thursday, 5th October 2017, 12:14 pm

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. കേന്ദ്രം നികുതി കുറയ്ക്കാന്‍ തയ്യാറായാല്‍ മാത്രം ഇക്കാര്യം ആലോചിക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഒരു നികുതിയും വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധനങ്ങളുടെ വാറ്റ് (മൂല്യ വര്‍ദ്ധിത നികുതി) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. നികുതി അഞ്ച് ശതമാനം കുറയ്ക്കണമെന്നാണ് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ പെട്രോളിന് 22 ശതമാനവും ഡീസലിന് 28 ശതമാനവുമാണ് സംസ്ഥാനങ്ങള്‍ വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്.