അവൻ ഇവിടെ തന്നെ കാണും; അര്‍ജന്റൈന്‍ സൂപ്പർ താരത്തെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്
Football
അവൻ ഇവിടെ തന്നെ കാണും; അര്‍ജന്റൈന്‍ സൂപ്പർ താരത്തെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th June 2022, 5:07 pm

ഐ.എസ്.എല്‍ പുതിയ സീസണിലേക്കുള്ള ട്രാന്‍സ്ഫറുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കൈയെത്തും ദൂരത്ത് നഷ്ടമായ ഐ.എസ്.എല്‍ കിരീടം ഇത്തവണ നേടിയെടുക്കാനുള്ള പുറപ്പാടിലാണ് ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍ത്തുകളിച്ച അര്‍ജന്റൈന്‍ മുന്നേറ്റക്കാരന്‍ പേരേര ഡയസ് ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരും. താരത്തിനായി വിദേശത്തു നിന്നും ഓഫറുകളുണ്ടായിരുന്നിട്ടും കേരള ബ്ലാസ്റ്റേഴ്‌സായിരുന്നു താരത്തിന്റെ മുന്‍ഗണനയിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2021 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയ താരം 21 മത്സരത്തില്‍ നിന്നും 8 ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ടീമിനായി നല്ല പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്.

ബ്ലാസ്റ്റേഴ്സില്‍ എത്തുന്നതിനുമുന്‍പ് 2021ല്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പ്ലാറ്റന്‍സിനു വേണ്ടി ബൂട്ടുകെട്ടിയ ഡയസ് 12 മത്സരങ്ങളില്‍ നിന്നായി 2 ഗോളുകള്‍ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ലോണിലെത്തിയ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ ടീമിന് വേണ്ടി ഒരു മികച്ച സൈനിംഗ് ആണെന്ന് തെളിയിച്ചു.

കളിക്കളത്തിനകത്തും പുറത്തും നല്ല സ്വഭാവത്തിനും പോസിറ്റീവ് ആറ്റിട്യൂട് പേരുകേട്ട താരമാണ് ഡയസ്. കളിക്കാരൻ എന്ന നിലയിൽ ഗോളുകൾ നേടുന്നതിനേക്കാൾ നിർണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഡയസ് മുൻപന്തിയിലുണ്ടായിരുന്നു.

വരാനിരിക്കുന്ന സീസണിലേക്ക് ചർച്ചിൽ ബ്രദേഴ്‌സിൽ നിന്ന് മധ്യനിരതാരം ബ്രൈസ് മിറാൻഡയെയും സൗരവ് മൊണ്ടലിനെയും കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം സൈൻ ചെയ്തിട്ടുണ്ട്. അതേസമയം വിൻസി ബരെറ്റോ, സെയ്ത്യസെൻ സിങ്, ആൽബിനോ ഗോമസ് എന്നിവർ ക്ലബ് വിട്ടു. വിദേശികളായ അഡ്രിയാൻ ലൂണയെയും മാർക്കോ ലെസ്‌കോവിച്ചിനെയും നിലനിർത്തിയപ്പോൾ അൽവാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ എന്നിവർ ക്ലബ് വിടുകയാണുണ്ടായത്.

ഡയസ് ടീമിൽ എത്തിയതോടു കൂടി ഒരുപാട് സന്തോഷത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ.

Content Highlights: Perera Diaz is returning to Kerala Blasters