പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തല്‍; മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്
Pegasus Project
പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തല്‍; മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 4:27 pm

പാരിസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരും മീഡിയാപാര്‍ട്ട് ന്യൂസ് പോര്‍ട്ടലും നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സി പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

വ്യക്തി സ്വാതന്ത്ര്യം ലംഘിക്കപ്പെടുക, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കൃത്രിമം കാണിച്ച് കടക്കാന്‍ ശ്രമിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.

തിങ്കളാഴ്ചയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ന്യൂസ് പോര്‍ട്ടലായ മീഡിയാപാര്‍ട്ട് പരാതി നല്‍കിയത്. ഫ്രഞ്ച് മാധ്യമസ്ഥാപനങ്ങളായ ഏജന്‍സ് ഫ്രാന്‍സ് പ്രസിലെയും ലെ മോണ്ടെയിലെയും ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തിയതായും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ലെ മോണ്ടെ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ പെഗാസസ് എന്ന ഇസ്രഈലി ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50,000 മൊബൈല്‍ നമ്പറുകളിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട വിവരം പുറത്ത് വിട്ടത്.

മീഡിയാപാര്‍ട്ട് സ്ഥാപകനായ എഡ്വി പ്ലെനെലിന്റെയും സ്ഥാപനത്തിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെയും ഫോണുകള്‍ മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സി പെഗാസസ് വഴി ചോര്‍ത്തിയെന്നാണ് സ്ഥാപനം നല്‍കിയ പരാതിയില്‍ പറയുന്നത്.

‘മൊറോക്കോ ഫ്രാന്‍സില്‍ നടത്തുന്ന ഈ ചാര പ്രവൃത്തി പുറത്ത് വരണമെങ്കില്‍ അധികാരികളുടെ ഭാഗത്ത് നിന്ന് സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്,’ മീഡിയാപാര്‍ട്ടിന്റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം തെളിയിക്കപ്പെടാത്തതും തെറ്റാണെന്നുമാണ് മൊറോക്കോ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. സുപ്രീം കോടതി ജഡ്ജി മുതല്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാക്രമണ പരാതി നല്‍കിയ ജീവനക്കാരിയടക്കമുള്ളവരുടെ നമ്പറുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pegasus Scandal: French Prosecutors Open Probe Into ‘Spying’ On Media