ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിരിക്കുകയാണ്. താരത്തിന്റെ ട്രാന്‍സ്ഫറിനെകുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും മെസി ബാഴ്‌സലോണയിലേക്ക് പോകുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മെസി തന്റെ പഴയ തട്ടകമായ ക്യാമ്പ് നൗവില്‍ കളിക്കണമെന്നാണ് ബാഴ്‌സലോണയില്‍ പലരും ആഗ്രഹിക്കുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് ബാഴ്‌സുടെ യുവതാരം പെഡ്രി. വ്യക്തിപരമായി മെസിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിനെ മെസിയുമായി കളം പങ്കുവെച്ചതിന്റെ അനുഭവങ്ങളും ഉണ്ട്. പെഡ്രി മുമ്പൊരിക്കല്‍ മെസിയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.
കളത്തിലിറങ്ങിയാല്‍ മെസി ശുദ്ധ ഭ്രാന്തനാണെന്നാണ് പെഡ്രി പറഞ്ഞിരിക്കുന്നത്. ഈ പ്രായത്തിലും മെസി അസാധ്യ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും താരം ബാഴ്‌സയിലേക്ക് തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും പെഡ്രി പറഞ്ഞു.
‘കളിയുടെ കാര്യത്തില്‍ അദ്ദേഹം ശുദ്ധ ഭ്രാന്തനാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഈ പ്രായത്തിലും അദ്ദേഹമൊരു പ്രതിഭയാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും അതറിയുകയും ചെയ്യാം. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്,’ പെഡ്രി പറഞ്ഞു.
മെസിയും പെഡ്രിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബാഴ്‌സലോണയുടെ മുന്‍ പരിശീലകനായിരുന്ന കൂമാനും സംസാരിച്ചിട്ടുണ്ട്. പെഡ്രിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് താരത്തിന് വേണ്ട പിന്തുണ നല്‍കിയത് മെസിയാണെന്നായിരുന്നു കൂമാന്‍ പറഞ്ഞത്.
അതേസമയം, കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡാണ് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്. കരിം ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി മറ്റൊരു ഗോള്‍ നേടിയത്.