അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം പെഡ്രി. ‘ഭ്രാന്തന്‍ പ്രകടനമാണ്’ മെസി കളത്തില്‍ കാഴ്ച വെക്കാറുള്ളതെന്നാണ് പെഡ്രി പറഞ്ഞത്.
‘കളിയുടെ കാര്യത്തില്‍ അദ്ദേഹം ശുദ്ധ ഭ്രാന്തനാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഈ പ്രായത്തിലും അദ്ദേഹമൊരു പ്രതിഭയാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും അതറിയുകയും ചെയ്യാം. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്,’ പെഡ്രി പറഞ്ഞു.
ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളം പങ്കുവെച്ചിട്ടുള്ള താരമാണ് പെഡ്രി. താരത്തിന്റെ കഴിവ് മറ്റാരെക്കാളും മുന്നേ കണ്ടെത്തി അദ്ദേഹത്തെ ഈ നിലയില്‍ എത്തിക്കുന്നതില്‍ മെസി നിര്‍ണായക പങ്കുവെച്ചിട്ടുണ്ടെന്ന് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂമാന്‍ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.
മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.