മനോജ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ്; പയ്യോളിയില്‍ നാളെ സി.പി.ഐ.എം ഹര്‍ത്താല്‍
Payyoli Manoj Murder Case
മനോജ് വധക്കേസിലെ പ്രതികളുടെ അറസ്റ്റ്; പയ്യോളിയില്‍ നാളെ സി.പി.ഐ.എം ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2017, 6:47 pm

വടകര: പയ്യോളി മനോജ് വധകേസില്‍ ഒമ്പത് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ നാളെ സി.പി.ഐ.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമണി മുതല്‍ ആറു മണിവരെയാണ് ഹര്‍ത്താല്‍.

അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്നാണ് സി.പി.ഐ.എം നിലപാട്. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് സി.പി.ഐ.എം മുന്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെ ഒമ്പത് സി.പി.ഐ.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വടകരയിലെ സി.ബി.ഐയുടെ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

സി.പി.ഐ.എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍,നഗര സഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി എല്‍.സി അംഗം സി.സുരേഷ്, എല്‍.സി അംഗമായ എന്‍.സി മുസ്തഫ എന്നിവരേയും മൂച്ചിക്കുന്ന് പ്രദേശത്തെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് അന്വേഷണമേറ്റെടുത്ത ശേഷം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് സി.ബി.ഐക്ക കൈമാറിയത്.

അറസ്റ്റ് ചെയ്തവരെ കൊച്ചിയിലേക്ക് കൊണ്ടു പോയി. 2012 ഫെബ്രുവരിയിലായിരുന്നു സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്ത തുടര്‍ന്ന് മനോജ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 15 പേരെ പ്രതി ചേര്‍ക്കുകയും 14 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.