കൊച്ചി: കേരളതീരത്തിന് സമീപം പുതിയ ദ്വീപ് കണ്ടെത്തിയ രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ കണ്ടെത്തിയ ഈ ദ്വീപിന് പയറുമണി ദ്വീപ് അഥവാ ബീന്‍ ഐലന്റ് എന്ന് പേര് നല്‍കി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.
ഗൂഗിള്‍ എര്‍ത്ത് സാങ്കേതിക വിദ്യയുപയോഗിച്ച് കണ്ടെത്തിയ ദ്വീപാണിതെന്നായിരുന്നു വാര്‍ത്തപ്രചരിപ്പിച്ചവരുടെ അവകാശവാദം.
കൊച്ചിയിലെ ചെല്ലാനത്ത് നിന്നെടുത്ത മണല്‍ നിക്ഷേപിക്കപ്പെട്ടുണ്ടായ ദ്വീപാണിതെന്നായിരുന്നു മറ്റൊരു വാദം. ഇത് ഏറ്റുപിടിച്ച് ചില മുഖ്യധാര മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
എട്ട് കിലോമീറ്റര്‍ നീളം,മൂന്നര കിലോമീറ്റര്‍ വീതിയുണ്ട് പുതിയ ദ്വീപിനെന്നും കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടിയാണ് ദ്വീപിന്റെ വലിപ്പമെന്നും ചില മുഖ്യധാരമാധ്യമത്തില്‍ വാര്‍ത്ത വരികയും ചെയ്തു.
എന്നാല്‍ ഈ പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധര്‍ പറയുന്നത്. ജിയോ സ്‌പേഷ്യല്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പഠനത്തില്‍ നിന്നും ഇത്തരമൊരു ദ്വീപ് ഇല്ലെന്ന നിഗമനത്തിലാണ് വിദഗ്ധര്‍ എത്തിയത്.
ഗൂഗിള്‍ എര്‍ത്ത് അല്‍ഗൊരിതത്തിലെ പിഴവുമൂലമുണ്ടായ ഇല്യൂഷനാണ് ദ്വീപ് ആയി തോന്നുന്നതെന്നാണ് വിദഗ്ധ അഭിപ്രായം.
കൊച്ചിയില്‍ മാത്രമല്ല, ഗ്ലോബ് പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ഇല്യൂഷനെ തുടര്‍ന്നുണ്ടാകുന്ന വ്യത്യസ്തതകള്‍ കാണാമെന്നും ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് വിദഗ്ധര്‍ പറയുന്നു.
മുമ്പ് മ്യാന്‍മര്‍ ക്യാപ്യൂ എയര്‍പോര്‍ട്ട് ഭാഗം ഗൂഗിള്‍ മാപ്പിംഗില്‍ ഒരു പ്രത്യേക കരപ്രദേശം പോലെയാണ് കാണപ്പെട്ടത്. ഇതെല്ലാം തന്നെ ഗൂഗിള്‍ അല്‍ഗൊരിതത്തിലെ ചില പിഴവുകള്‍ക്ക് ഉദാഹരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ലാന്റ്‌സാറ്റിന്റെ ദൃശ്യങ്ങളും ഇതിനുദാഹരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018-19 കാലത്തെ പ്രളയത്തിന് ശേഷവും മുമ്പുമുള്ള ചിത്രങ്ങളില്‍ ഇത്തരമൊരു ദ്വീപ് ഉള്ളതിന്റെ യാതൊരു തെളിവുകളുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.