ഞങ്ങള്‍ക്ക് ലോകകപ്പ് സെമി ഫൈനല്‍ കളിക്കണം; മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര ചടങ്ങിനിടെ മീകരെന്‍
icc world cup
ഞങ്ങള്‍ക്ക് ലോകകപ്പ് സെമി ഫൈനല്‍ കളിക്കണം; മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര ചടങ്ങിനിടെ മീകരെന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 10:56 pm

തങ്ങള്‍ക്ക് 2023 ലോകകപ്പിന്റെ സെമി ഫൈനലിന് യോഗ്യത നേടണമെന്ന് ഡച്ച് സൂപ്പര്‍ താരം പോള്‍ വാന്‍ മീകരെന്‍. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന് ശേഷമായിരുന്നു മീകരെന്‍ ഇക്കാര്യം പറഞ്ഞത്.

2023 ലോകകപ്പിന്റെ 28ാം മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍ഡ്‌സ് തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിനാണ് ഡച്ച് ആര്‍മി വിജയിച്ചുകയറിയത്.

ബൗളര്‍മാരുടെ മിടുക്കിലാണ് നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കിയത്. പോള്‍ വാന്‍ മീകരെനും ബാസ് ഡി ലീഡും അടക്കമുള്ള ഡച്ച് ബൗളര്‍മാര്‍ ബംഗ്ലാദേശിനെ പിടിച്ചുകെട്ടി.

മീകരനാണ് ഡച്ച് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 7.2 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് മീകരെന്‍ വീഴ്ത്തിയത്. പറിച്ചെറിഞ്ഞ വിക്കറ്റുകളാകട്ടെ ബംഗ്ലാ നിരയുടെ നെടുംതൂണകളുടേതും.

സൂപ്പര്‍ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ പുറത്താക്കിയാണ് മീകരെന്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഷാന്റോയെ ലോഗന്‍ വീന്‍ ബീക്കിന്റെ കൈകളിലെത്തിച്ച് മടക്കിയ ഡച്ച് താരം ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനെ തന്റെ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്.

ബംഗ്ലാ നിരയിലെ പരിചയ സമ്പന്നനായ മുഷ്ഫിഖര്‍ റഹീമിനെയാണ് മീകരെന്‍ അടുത്തതായി മടക്കിയത്. അഞ്ച് പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെയാണ് റഹീം ക്ലീന്‍ ബൗള്‍ഡായി പുറത്താകുന്നത്. ഒടുവില്‍ താസ്‌കിന്‍ അഹമ്മദിനെയും പുറത്താക്കിയാണ് താരം നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഈ പ്രകടനം മീകരനെ കളിയിലെ താരവുമാക്കിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകിരച്ച ശേഷമാണ് തങ്ങള്‍ക്ക് സെമി ഫൈനല്‍ കളിക്കണമെന്ന ആഗ്രഹം മീകരന്‍ വ്യക്തമാക്കിയത്.

എന്നാല്‍ മീകരന്റെ ഈ ആഗ്രഹം എത്രത്തോളം സഫലമാകുമെന്ന് കണ്ടറിയണം. നിലവില്‍ ആറ് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ നാല് പോയിന്റാണ് നെതര്‍ലന്‍ഡ്‌സിനുള്ളത്. ശേഷിക്കുന്ന മത്സരങ്ങളാകട്ടെ അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകള്‍ക്കെതിരെയും.

ഈ മൂന്ന് മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ ഡച്ച് ആര്‍മിക്ക് ആദ്യ നാലിലെത്താനുള്ള വിദൂര സാധ്യതകളെങ്കിലും കാണുന്നത്.

നവംബര്‍ മൂന്നിനാണ് നെതര്‍ലന്‍ഡ്‌സിന്റെ അടുത്ത മത്സരം. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനാണ് എതിരാളികള്‍.

 

 

Content highlight: Paul van Meekeren says Netherlands wants to qualify for semi finals