ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ റിസൽട്ട് എന്തായിരിക്കും? പ്രതികരണവുമായി കമ്മിൻസ്
Cricket
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ റിസൽട്ട് എന്തായിരിക്കും? പ്രതികരണവുമായി കമ്മിൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 2:22 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ഈ ആവേശകരമായ പരമ്പരയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം പാറ്റ് കമ്മിന്‍സ്. പരമ്പര ഫിഫ്റ്റി ഫിഫ്റ്റി ആവാനാണ് സാധ്യതയെന്നാണ് കമ്മിന്‍സ് പറഞ്ഞത്.

‘ഇവിടെ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന കഴിഞ്ഞ രണ്ട് പരമ്പരകളിലും ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ വിജയിക്കാനായി വളരെക്കാലമായി പ്രത്യാശയോടെ കാത്തുനില്‍ക്കുകയാണ്. ഇന്ത്യയില്‍ വെച്ച് നിരവധി തവണ ഞങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ ഞങ്ങള്‍ ധാരാളം വിജയങ്ങളും നേടിയിട്ടുണ്ട്.

അതിനാല്‍ ഞങ്ങള്‍ ഈ വിജയങ്ങളെല്ലാം കൂടുതല്‍ ആത്മവിശ്വാസമായി എടുക്കും. ഇത് എല്ലായിപ്പോഴും കടുത്ത മത്സരമാണ്. പരമ്പരയുടെ റിസൽട്ട് പറയുകയാണെങ്കില്‍ ഫിഫ്റ്റി ഫിഫ്റ്റി ആണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കാനുള്ള ആവേശത്തിലാണ്,’ പാറ്റ് കമ്മിന്‍സ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപ്പടക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

അതേസമയം ഇതിനു മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബര്‍ 19 മുതലാണ് ഈ സീരീസിന് തുടക്കം കുറിക്കുന്നത്. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു.

 

Content Highlight: Pat Cummins Talks About Border Gavasker Trophy