ബിശ്ത് തന്നാൽ പകരം ഏട്ടരക്കോടി രൂപ തരാം; മെസിക്ക് മുന്നിൽ വലിയ ഓഫറുമായി പാർലമെന്റ് അംഗം
2022 FIFA World Cup
ബിശ്ത് തന്നാൽ പകരം ഏട്ടരക്കോടി രൂപ തരാം; മെസിക്ക് മുന്നിൽ വലിയ ഓഫറുമായി പാർലമെന്റ് അംഗം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 8:47 pm

ലോകകപ്പ് ഫുട്ബോൾ ഉത്സവം ഖത്തറിന്റെ മണ്ണിൽ കൊടിയിറങ്ങുമ്പോൾ ലോക ജേതാക്കൾക്കുള്ള കിരീടം ചൂടിയിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം.

ലോകകപ്പ് നേടിയതോടെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് ക്ലബ്ബ്, ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നുള്ള പ്രധാനപ്പെട്ട എല്ലാ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.

എന്നാലിപ്പോൾ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന അവസരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി മെസിയെ അണിയിച്ച ബിശ്ത് എന്ന അറേബ്യൻ വസ്ത്രം ഏറ്റെടുത്തിരിക്കുകയാണ് അർജന്റൈൻ ആരാധകർ.

ഷെയ്ഖ് തമീം അണിയിച്ച ബിശ്ത് അണിഞ്ഞായിരുന്നു മെസി ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയതും , പിന്നീട് ലോകകപ്പ് ഉയർത്തിയതും.


ബിശ്ത് അറബ് ലോകത്തെ രാജ കുടുംബത്തിൽ പെട്ട പുരുഷന്മാരോ, അല്ലെങ്കിൽ സമൂഹത്തിലെ ഉന്നതശ്രണിയിലുള്ളവരോ വിവാഹം, മതപരമായ ആഘോഷങ്ങൾ, ജുമുഅ നിസ്കാരം, പെരുന്നാൾ നിസ്കാരം തുടങ്ങിയ വിശേഷാവസരങ്ങളിൽ ധരിക്കുന്നതാണ്.

 

ബിശ്തിന്റെ ഗുണമേൻന്മയും നിലവാരവും വർധിക്കുന്നതിനനുസരിച്ച് അത് ധരിക്കുന്ന വ്യക്തികളുടെ അന്തസ്സും വർധിക്കും എന്നാണ് അറബ് സമൂഹത്തിലെ വിശ്വാസം.

ലോകകപ്പ് വേദിയിൽ മെസി ബിശ്ത് ധരിച്ചതോടെ മാർക്കറ്റിൽ ബിശ്തിന് വലിയ രീതിയിലുള്ള ആവശ്യക്കാർ ഉണ്ടായിവന്നിരുന്നു.
എന്നാലിപ്പോൾ ലോകകപ്പ് വേദിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം മെസിയെ അണിയിച്ച ബിശ്തിന് വമ്പൻ തുക വാഗ്ധാനം ചെയ്ത് മുന്നോട്ട് വന്നിരിക്കുകയാണ് ഒമാൻ പാർലമെന്റ് അംഗമായ അഹമ്മദ് അൽ ബർവാനി.

മെസിയെ ഖത്തർ അമീർ ധരിപ്പിച്ച ബിശ്തിനായി ഒരു മില്യൺ യു.എസ് ഡോളറാണ് അൽ ബർവാനി വാഗ്ധാനം ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഏട്ടരക്കോടി രൂപയോളം വരും.

“ഒമാൻ സുൽത്താന്റെ മന്ത്രി സഭയിൽ നിന്നും ഞാൻ താങ്കൾക്ക് ആശംസ നേരുന്നു. ലോകകപ്പ് നേടിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. അറബിക് ബിശ്ത് എന്നത് ധീരതയുടെയും അറിവിന്റെയും ചിഹ്നമാണ്. ആ ബിശ്ത് തരികയാണെങ്കിൽ ഒരു മില്യൺ യു.എസ് ഡോളർ ഞാൻ താങ്കൾക്ക് വാഗ്ധാനം ചെയ്യുന്നു,’ അൽ ബർവാനി ട്വിറ്ററിൽ കുറിച്ചു.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.

ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

 

Content Highlights: parliament member offer eight and half crore rupees to messi for his bisht