ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം എപ്പോള്‍ പുനസ്ഥാപിക്കുമെന്നതാണ് പ്രധാന ചര്‍ച്ച. സുപ്രീം കോടതി വിധി വന്നയുടനെ തന്നെ പാര്‍ലമെന്റിന് മുമ്പാകെ കോണ്‍ഗ്രസ് പുനസ്ഥാപന അപേക്ഷ നല്‍കിയിട്ടുണ്ട്.
മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം സഭയില്‍ വരുന്ന ഘട്ടത്തില്‍, അതിന് മുമ്പ് രാഹുലിനെ ലോക്സഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ലമെന്റിലെ അവസാന മൂന്ന് ദിവസമായ എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് നിലവില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. അതില്‍ 10ാം തീയതിയാണ് പ്രധാനമന്ത്രി സംസാരിക്കുക. ഈ ദിവസങ്ങളില്‍ രാഹുല്‍ പാര്‍ലമെന്റിലുണ്ടായാല്‍ ശക്തമായ ചോദ്യങ്ങള്‍ മോദി സര്‍ക്കാരിന് നേരെ ഉയര്‍ത്താന്‍ കഴിയും എന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.
നേരത്തെ അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ കേന്ദ്ര വിമര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് ഈ അപകീര്‍ത്തി കേസ് നേരിടേണ്ടിവന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നടന്ന ഒരു പ്രസംഗത്തിന്റെ പേരില്‍, ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പരാതിയില്‍, പെട്ടന്ന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് രാഹുലിനെതിരെ നടപടി വന്നിരുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് വാദിച്ചിരുന്നത്.
അതുകൊണ്ട് തന്നെ ഈ കേസിനെ അതിജീവിച്ച് പാര്‍ലമെന്റിലെത്തുന്ന രാഹുലിന് മുമ്പത്തേക്കാള്‍ ശക്തമായി ചോദ്യങ്ങളുയര്‍ത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.