Football
മിലാന്‍ കോട്ട തകര്‍ത്തു ; ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി മുന്നേറുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 26, 03:32 am
Thursday, 26th October 2023, 9:02 am

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജേര്‍മെന്‍ എ.സി മിലാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ രണ്ടാം വിജയമാണിത്.

പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 32ാം മിനിട്ടില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയിലൂടെയാണ് പി.എസ്.ജി ഗോള്‍ മേളക്ക് തുടക്കം കുറിച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി എംമ്പാപ്പക്ക് ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഫ്രഞ്ച് ലീഗിലെ മത്സരത്തിലും ചാമ്പ്യന്‍സ് ലീഗിലും ഗോള്‍ നേടികൊണ്ട് ഫ്രഞ്ച് സൂപ്പര്‍ താരം തിരിച്ചുവരുകയായിരുന്നു.

മത്സരത്തിന്റെ 52ാം മിനിട്ടില്‍ രണ്ടായ് കൊലോ മുവാനിയിലൂടെ പി. എസ്.ജി ലീഡ് രണ്ടാക്കി ഉയര്‍ത്തി. മിലാന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തിന്റെ 89ാം മിനിട്ടില്‍ ലീ കാങ് ഇന്‍ മൂന്നാം ഗോള്‍ നേടിയതോടെ പാരീസ് പൂര്‍ണമായും വിജയം പിടിച്ചെടുക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പാരീസ് സ്വന്തം ആരാധകരുടെ മുന്നില്‍ 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസില്‍ യുണൈറ്റഡിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഫ്രഞ്ച് ടീം പരാജയപ്പെട്ടിരുന്നു. ഈ കനത്ത തോല്‍വിയില്‍ നിന്നുള്ള ഒരു തിരിച്ചു വരവ് കൂടിയായിരുന്നു മിലാനെതിരെ ടീം നടത്തിയത്.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഫ്രഞ്ച് ലീഗില്‍ ബ്രെസ്റ്റുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlight: Paris saint Germain won against AC Milan in UCL.