വെള്ളി മെഡല്‍ അണിയാന്‍ വിനേഷിന് സാധിക്കുമോ? നിര്‍ണായക വിവരം പുറത്ത്; കണ്ണുനട്ട് ഇന്ത്യന്‍ കായിക ലോകം
Paris Olympics
വെള്ളി മെഡല്‍ അണിയാന്‍ വിനേഷിന് സാധിക്കുമോ? നിര്‍ണായക വിവരം പുറത്ത്; കണ്ണുനട്ട് ഇന്ത്യന്‍ കായിക ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 4:03 pm

ഭാരപരിശോധനിയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ കായിക ലോകം. ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്.

50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ സൂസാക്കി യൂയിയെ പരാജയപ്പെടുത്തിയ താരം സെമിയില്‍ ക്യൂബയുടെ ഗുസ്മന്‍ ലോപസിനെ അനായാസം പരാജയപ്പെടുത്തി ഫൈനലിനും യോഗ്യത നേടി.

 

വനിതാ ഗുസ്തിയുടെ ഫൈനലില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്വര്‍ണമമെഡല്‍ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുന്നത്.

വിഷയത്തില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലില്‍ വിധി ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാത്രി 9.30നായിരിക്കും വിനേഷിന് വെള്ളി മെഡല്‍ നല്‍കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ദി കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ അന്തിമ വിധിയുണ്ടാവുക.

അതേസമയം, ഒരു മത്സരത്തില്‍ രണ്ട് വെള്ളി മെഡലുകള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് അഭിപ്രായപ്പെട്ടത്.

 

വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ ക്യൂബയുടെ ഗുസ്മാന്‍ ലോപസ് ഫൈനലിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ താരം അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡിനെതിരെ പരാജയപ്പെട്ടു.

ബ്രോണ്‍സ് മെഡല്‍ മാച്ച് എ-യില്‍ സുസാക്കി യൂയി ഉക്രൈന്റെ ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തി വെങ്കലമെഡല്‍ നേടി. 10-0ന് ലീഡ് നേടി നില്‍ക്കവെ ടെക്‌നിക്കല്‍ സുപ്പീരിയോരിറ്റിയുടെ ബലത്തിലാണ് ജപ്പാന്‍ താരം വിജയിച്ചത്.

ബ്രോണ്‍സ് മെഡല്‍ മാച്ച് ബി-യില്‍ ചൈനയുടെ ഫെങ് സികി മംഗോളിയയുടെ ഒട്ഗാന്‍ജാര്‍ഗല്‍ ഡോള്‍ഗോജാര്‍വിനെയും പരാജയപ്പെടുത്തി. സ്‌കോര്‍ 6-0.

2024 പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം റെസ്‌ലിങ് പോഡിയം (വനിതാ വിഭാഗം)

ഗോള്‍ഡ് – സാറ ഹില്‍ഡെബ്രാന്‍ഡ് (അമേരിക്ക)

വെള്ളി – ഗുസ്മന്‍ ലോപസ് (ക്യൂബ)

വെങ്കലം – സുസാക്കി യൂയി (ജപ്പാന്‍)

വെങ്കലം – ഫെങ് സികി (ചൈന)

ദി കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ വിധി ഇന്ത്യന്‍ താരത്തിന് അനുകൂലമാവുകയാണെങ്കില്‍ ഈ വിഭാഗത്തില്‍ രണ്ട് വെള്ളി മെഡലുകള്‍ പിറന്നേക്കും.

 

 

Content Highlight: Paris Olympics 2024: The Court of Arbitration for Sports to pronounce verdict on Vinesh Phogat’s silver medal appeal today