Kerala News
പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ് റദ്ദാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 25, 05:47 am
Friday, 25th October 2024, 11:17 am

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ് റദ്ദാക്കി വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. പ്രതി രാഹുല്‍ ഗോപാലിന്റെ ഹരജി പരിഗണിച്ചുകൊണ്ടാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും കോടതി പറഞ്ഞു.

യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. വിവാഹശേഷം താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാണിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.

തുടര്‍ന്ന് വീഡിയോയിലെ വിവരങ്ങള്‍ നിഷേധിച്ച് പിന്നീട് യുവതി പ്രതികരിക്കുകയുമുണ്ടായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് റദ്ദാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്.

അതേസമയം യുവതി പരാതിയിൽ നിന്ന് പിന്മാറിയെങ്കിലും കേസിൽ പൊലീസ് തുടർനടപടികൾ എടുത്തിരുന്നു. യുവതിയുടെ പരാതി പ്രകാരം പൊലീസ് തെളിവുകളും കണ്ടെത്തിയിരുന്നു. എന്നാൽ യുവതിക്ക് പരാതിയില്ലാത്ത പക്ഷം കേസ് മുന്നോട്ട് പോകില്ലെന്നിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
 ഗാര്‍ഹികപീഡന കേസിൽ രാഹുലിന് പുറമെ അമ്മയും സഹോദരിയും പ്രതികളായിരുന്നു.
Content Highlight: Panthirankav domestic violence case quashed