6 ബോളില്‍ 6 സിക്‌സടിച്ച വെടിക്കെട്ട് വീരനെ റാഞ്ചി പഞ്ചാബ് കിങ്സ്!
Sports News
6 ബോളില്‍ 6 സിക്‌സടിച്ച വെടിക്കെട്ട് വീരനെ റാഞ്ചി പഞ്ചാബ് കിങ്സ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th November 2024, 9:40 am

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ നിരവധി യുവ താരങ്ങളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകര്‍ പോലും കൗതുകത്തോടെ നോക്കി നിന്ന താരങ്ങളെ വമ്പന്‍ വിലയ്ക്കാണ് ഓരോ ടീമുകളും വിളിച്ചെടുത്തത്. അതില്‍ പ്രധാനിയാണ് പഞ്ചാബ് കിങ്സ് റാഞ്ചിയ പ്രിയാന്‍ശ് ആര്യ എന്ന 23കാരന്‍.

എടുത്തുപറയാന്‍ വലിയ ക്രിക്കറ്റ് അനുഭവമില്ലാത്ത താരത്തെ സ്വന്തമാക്കാന്‍ പഞ്ചാബ് മുടക്കേണ്ടി വന്നത് 3.80 കോടിയാണ്. താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷം എന്നിരിക്കെയാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ പഞ്ചാബ് പ്രിയാന്‍ശിനെ സ്വന്തമാക്കിയത്. ലോകോത്തര താരങ്ങളെ പോലും അടിസ്ഥാന വിലയായ 2 കോടിക്ക് വാങ്ങാന്‍ മടിച്ച ഫ്രാഞ്ചൈസികളെല്ലാം പ്രിയാന്‍ശിനുവേണ്ടി രംഗത്തുവന്നു.

ഇത്രയും തുക ഒരു താരത്തിന് വേണ്ടി മുടക്കാന്‍ പഞ്ചാബ് കിങ്‌സിനെ പ്രേരിപ്പിച്ചതിനു പിന്നിലും ഒരു കാരണമുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രിയന്‍ശ് ആര്യ ആരെന്ന ചോദ്യവും ഉയരുന്നത്.

ദല്‍ഹിയില്‍ നിന്നുള്ള ഈ യുവ താരത്തിന് ലേലത്തില്‍ അടിസ്താന വില 30 ലക്ഷം രൂപയായിരുന്നു. പ്രിയന്‍ശിന്റെ പേര് വിളിച്ചത് മുതല്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരത്തെ വാങ്ങാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ശേഷം എത്തിയ മുംബൈ ഇന്ത്യന്‍സ് താരത്തിന് വേണ്ടി പോരടിച്ചു. പോരാട്ടം ചൂടുപിടിക്കുന്നതിനിടയിലാണ് പഞ്ചാബ് കിങ്സും കയറി വരുന്നത്. പിന്നീട് ലേല തുക കുത്തനെ ഉയരുന്നതും ആരാധകരെ ആവേശത്തിലാക്കി.

ആരാണ് പഞ്ചാബ് റാഞ്ചിയ പ്രിയാന്‍ശ് ആര്യ?

ആഭ്യന്തര ക്രിക്കറ്റില്‍ ദല്‍ഹിയുടെ ഇടംകയ്യന്‍ ബാറ്ററാണ് ആര്യ. ദല്‍ഹി പ്രീമിയര്‍ ലീഗിലടക്കം നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് താരത്തിന് ഐ.പി.എല്ലിലേക്ക് എത്താന്‍ കാരണമായത്. നേരത്തെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിട്ടുള്ള താരം യശസ്വി ജയ്സ്വാള്‍ ഉള്‍പ്പെടയുള്ള താരങ്ങള്‍ക്കൊപ്പം കളിച്ചിരുന്നു. എന്നാല്‍ പ്രിയാന്‍ശ് ആര്യ എന്ന പേര് ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ദല്‍ഹി പ്രീമിയര്‍ ലീഗിലാണ്.

സൗത്ത് ദല്‍ഹിയും നോര്‍ത്ത് ദല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ 6 പന്തില്‍ 6 സിക്‌സുകള്‍ നേടിയാണ് പ്രിയാന്‍ശ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ആ കളിയില്‍ വെറും 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 50 പന്തില്‍ 10 ഫോറും 10 സിക്സറും ഉള്‍പ്പെടെ 120 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ് നടത്തി. ഇതോടെയാണ് ഐ.പി.എല്ലിലെ മുന്‍ നിര ടീമുകളെല്ലാം താരത്തിന് പിന്നാലെ കൂടിയത്.

 

Content Highlight: Panjab Kings Selected Priyansh Arya In 2025 IPL