national news
കൈയില്‍ കിട്ടിയതെല്ലാം എടുത്ത് ജനങ്ങള്‍ പലായനത്തില്‍; ഭീകരാക്രമണ മുന്നറിയിപ്പ് കശ്മീരില്‍ പരിഭ്രാന്തി പരത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 03, 05:30 pm
Saturday, 3rd August 2019, 11:00 pm

ശ്രീനഗര്‍: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പതിവില്ലാത്തവിധം ആശങ്കയില്‍. വിനോദസഞ്ചാരികള്‍ക്കും അമര്‍നാഥ് തീര്‍ഥാടകര്‍ക്കുമാണു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതെങ്കിലും ആയിരങ്ങള്‍ കശ്മീരില്‍ നിന്നു പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയാണ് ഇതരസംസ്ഥാന തൊഴിലാളികളും പ്രദേശവാസികളും കൈയില്‍ കിട്ടിയതെല്ലാം എടുത്ത കശ്മീര്‍ വിടാന്‍ തുടങ്ങിയത്. വിനോദസഞ്ചാരികളും തീര്‍ഥാടകരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേര്‍ സംസ്ഥാനം വിട്ടുകഴിഞ്ഞു.

അമര്‍നാഥ് തീര്‍ഥാടനപാതയില്‍ പാക് നിര്‍മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്നാണ് ജനം പരിഭ്രാന്തിയിലായത്.

ജര്‍മനിയും ബ്രിട്ടനും തങ്ങളുടെ പൗരര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇത്തരത്തിലുള്ള നിരവധിപ്പേര്‍ കശ്മീരിലെത്തിയിരുന്നു.

കശ്മീര്‍ താഴ്‌വരയിലും അമര്‍നാഥ് തീര്‍ഥാടനപാതയിലും താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് കശ്മീര്‍ വിടണമെന്നാണ് ജര്‍മന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

മുന്നറിയിപ്പ് വന്നതോടെ പ്രദേശവാസികള്‍ അവശ്യവസ്തുക്കളും ധാന്യവും മറ്റും സംഭരിക്കുന്ന തിരക്കിലാണെന്ന് ‘കശ്മീര്‍ ഒബ്‌സര്‍വര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.

‘വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നത് കശ്മീര്‍ പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷിതമല്ലെന്നാണ്.’- വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി.